അറബ് രാജ്യം ഭരിക്കുന്ന ആമിർ അലി ഖാൻ ഉമർ ആയി പൃഥ്വിരാജ്; ഖലീഫ അപ്‌ഡേറ്റ് പുറത്ത് വിട്ട് വൈശാഖ്

Advertisement

മലയാളത്തിലെ പുതു തലമുറ സംവിധായകർക്കിടയിൽ മാസ്സ് ചിത്രങ്ങളുടെ അമരക്കാരനായി അറിയപ്പെടുന്ന സംവിധായകനാണ് വൈശാഖ്. മോഹൻലാൽ നായകനായ പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രം സമ്മാനിച്ചിട്ടുള്ള അദ്ദേഹം, മമ്മൂട്ടി നായകനായ പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

മമ്മൂട്ടി നായകനായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടർബോയും മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ടർബോയുടെ വിജയത്തിന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം തന്റെ ഇനി വരുന്ന ചിത്രങ്ങളെ കുറിച്ചും മനസ്സ് തുറന്നു. കഴിഞ്ഞ വർഷമാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ ഖലീഫ എന്ന ചിത്രം അദ്ദേഹം പ്രഖ്യാപിച്ചത്. ജിനു എബ്രഹാം രചിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടു.

Advertisement

ഖലീഫയുടെ തിരക്കഥാ രചന അതിന്റെ അവസാന ഘട്ടത്തിൽ എത്തിയെന്നും, അടുത്ത മാസം കൊണ്ട് ബാക്കി ജോലികൾ തുടങ്ങാനാണ് തങ്ങളുടെ പ്ലാനെന്നും വൈശാഖ് പറയുന്നു. ഒരു വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയാണ് ഇതെന്നും, പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അറബ് രാജ്യത്തെ ഭരണാധികാരി ആയ ആമിർ അലി ഖാൻ ഉമർ എന്ന കഥാപാത്രത്തിനാകും ജീവൻ പകരുകയെന്നും വൈശാഖ് വെളിപ്പെടുത്തി.

ജിനു എബ്രഹാം ഇന്നൊവേഷൻ, സാരേഗാമ, യോഡ്ലീ എന്നിവയുടെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാൻ പോകുന്നത് സത്യൻ സൂര്യൻ, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ്, സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് എന്നിവരാണ്. ഷാജി നടുവിൽ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത് സാഹിൽ ശർമയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close