അഭിനയ ജീവിതത്തിൽ ഇന്ന് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് എന്ത്; മനസ്സ് തുറന്നു പൃഥ്വിരാജ് സുകുമാരൻ..!

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഒരു നടനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും അതുപോലെ ഇപ്പോൾ ഒരു സംവിധായകൻ എന്ന നിലയിലും മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരനാണ്. മോഹൻലാൽ നായകനായ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കഴിഞ്ഞ വർഷം സംവിധായകനായി പൃഥ്വിരാജ് നടത്തിയ അരങ്ങേറ്റം ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ അഭിനയ ജീവിതം തുടങ്ങി ഏകദേശം രണ്ടു പതിറ്റാണ്ട് ആവുമ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച ഭാഗ്യം എന്തെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ കാര്യം തുറന്നു പറഞ്ഞത്. അഭിനയ ജീവിതത്തിൽ ഇന്ന് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് എന്ത് എന്ന ചോദ്യത്തിന് പൃഥ്വിരാജ് പറയുന്ന ഉത്തരം നടനെന്ന നിലയിൽ തുടക്കകാലം മുതൽ തന്നെ തനിക്കു ലഭിച്ച അവസരങ്ങളെയാണ്.

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ, നടൻ എന്ന നിലയിൽ ഞാൻ ഭാഗ്യവാനാണ്. തുടക്കത്തിൽ തന്നെ പേരെടുത്ത സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. പടങ്ങൾ പരാജയപ്പെട്ടപ്പോഴും വലിയ വലിയ എഴുത്തുകാരും സംവിധായകരും വീണ്ടുമെന്നെ തേടി വന്നു. ഇന്ന് ഇവിടെ എനിക്ക് എന്റേതായ ഒരു സ്ഥാനമുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ, എനിക്കിഷ്ടപ്പെട്ട രീതിയിൽ ചെയ്യാൻ ഞാൻ വിചാരിച്ചാൽ മതി. ഒരു പുതുമുഖ സംവിധായകനുമായി ചേരുമ്പോൾ പോലും അയാൾ മനസ്സിൽ കണ്ട കാര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ എനിക്ക് കഴിയും. ഇപ്പോൾ ബ്ലെസ്സി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ആട് ജീവിതത്തിന്റെ ജോർദാൻ ഷെഡ്യൂൾ പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ പൃഥ്വിരാജ് അടുത്ത വർഷം മോഹൻലാൽ നായകനായ തന്റെ രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close