മയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ഫേസ്ബുക്ക് വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പൃഥ്വിരാജ് നിർമിച്ചു നായകനായി അഭിനയിച്ച ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം രചിച്ചത് സച്ചിയും സംവിധാനം ചെയ്തത് ജീൻ പോൾ ലാലുമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കൂടി നിർമ്മാണ പങ്കാളിയായെത്തിയ ഈ ചിത്രത്തിൽ അഹല്യ എന്നു പേരുള്ള ഒരു ഹോസ്പിറ്റലിന്റെ പേര് ഉപയോഗിച്ചു നടത്തിയ മോശമായ പരാമർശത്തിന് മാപ്പു ചോദിച്ചു കൊണ്ടാണിപ്പോൾ പൃഥ്വിരാജ് രംഗത്തു വന്നിരിക്കുന്നത്.
പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്രകാരം, നമസ്കാരം. ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇന്സ്ടിട്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ. എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടർസിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഞാൻ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടർസ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.
നന്ദി.