ത്രില്ലറുകൾക്ക് ഇടവേള; ഇനി ബേസിൽ ജോസഫിനൊപ്പം കോമഡി ചിത്രവുമായി പൃഥ്വിരാജ് സുകുമാരൻ

Advertisement

മുത്തുഗൗ, അന്താക്ഷരി, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിപിൻ ദാസ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗുരുവായൂരമ്പല നടയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ജനപ്രിയ നടൻ ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടൈനറായി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഗുരുവായൂരമ്പലത്തിൽ വെച്ച് നടക്കുന്ന ഒരു വിവാഹ ചടങ്ങിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം കുഞ്ഞി രാമായണം രചിച്ച ആളാണ് ദീപു പ്രദീപ്. ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണ് ഈ ചിത്രത്തിന്റേതെന്നും കഴിഞ്ഞ വർഷമാണ് ഈ കഥ താൻ കേൾക്കുന്നതെന്നും പൃഥ്വിരാജ് സുകുമാരൻ പറയുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ ആരംഭിക്കും. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും. പ്രശാന്ത് നീൽ- പ്രഭാസ് ചിത്രം സലാർ, ജയൻ നമ്പ്യാർ ചിത്രം വിലായത്ത് ബുദ്ധ, ബോളിവുഡ് ചിത്രമായ ബഡെ മിയാ ചോട്ടെ മിയാ, കരൺ ജോഹർ നിർമ്മിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രം എന്നിവക്ക് ശേഷം പൃഥ്വിരാജ് ചെയ്യാൻ പോകുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഇതിന് ശേഷമാണ് മോഹൻലാൽ നായകനായി എത്തുന്ന എംപുരാൻ എന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close