മലയാള സിനിമയെ ആഗോളതലത്തിലെത്തിക്കും; സ്വപ്ന സിനിമയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

Advertisement

മലയാള സിനിമയെ ലോകോത്തരമാക്കുന്ന ഒരു ചരിത്ര സിനിമയാണ് ഇനി മനസിലുള്ളതെന്ന് സൂചന നല്‍കി പൃഥ്വിരാജ്. ഒരുപാട് കഴിവുള്ളവരാണ് മലയാള സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. മലയാളത്തില്‍ നിന്നും ആഗോളതലത്തില്‍ എത്തുന്ന ഒരു സിനിമയാണ് തന്‍റെ ലക്ഷ്യം. മുരളി ഗോപിയുമായി അതിന്‍റെ ചര്‍ച്ചകള്‍ നടക്കുകയാണ്. ലൂസിഫര്‍ 3ന് ശേഷമോ അതിന് മുന്‍പായോ അങ്ങനൊരു സിനിമ സംഭവിച്ചേക്കാമെന്നും ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. മറ്റൊരാളില്‍ നിന്നും അത്തരമൊരു സിനിമ വന്നാല്‍ അതിന്‍റെ ഭാഗമാകാനും താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.

കാപ്പയാണ് പൃഥ്വിരാജിന്‍റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രമാണ് കാപ്പ. ആസിഫ് അലി, അന്ന ബെന്‍, അപർണ ബാലമുരളി തുടങ്ങിയ വന്‍ താര നിരയാണ് സിനിമയിലുള്ളത്. ഗുണ്ടാ നേതാവായ ഒരാളില്‍ നിന്ന് രാഷ്ട്രീയ നേതാവാകുന്ന കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

Advertisement

അല്‍ഫോണ്‍സ് പുത്രന്‍റെ ഗോള്‍ഡ് ആണ് പുതിയതായി പുറത്തിറങ്ങിയ മറ്റൊരു ചിത്രം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം, ഖലിഫ, കാളിയന്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്‍റെതായി പുറത്തിറങ്ങാനരിക്കുന്ന ചിത്രങ്ങള്‍.

2019 ലാണ് പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ ലൂസിഫര്‍ പുറത്തിറങ്ങിയത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം 2020 ല്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ മോഹന്‍ ലാലിനെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി എന്ന ചിത്രം ചെയ്തിരുന്നു. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ബ്രോ ഡാഡി റിലീസ് ചെയ്തത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close