താര സൂര്യൻ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലുസിഫെർ എന്ന ചിത്രം ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തോട് അടുക്കുകയാണ്. 130 കോടി രൂപക്ക് മേൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം 170 കോടി രൂപയുടെ അടുത്തു ബിസിനസും നടത്തി കഴിഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ചില അണിയറ കഥകൾ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. മഴവിൽ മനോരമയുടെ മികച്ച സംവിധായകനുള്ള അവാർഡ് സ്വീകരിക്കുന്ന വേദിയിൽ വെച്ചാണ് പൃഥ്വിരാജ് ലുസിഫെറിനെ കുറിച്ചു കൂടുതൽ വാചാലനായത്.
ഈ ചിത്രത്തിൽ മോഹൻലാൽ പോലീസുകാരനെ ചവിട്ടുന്ന ഒരു മാസ്സ് രംഗം ഉണ്ട്. തീയേറ്ററിൽ വമ്പൻ കയ്യടി നേടിയ ആ രംഗം റിലീസിന് മുൻപ് സിനിമക്ക് പുറത്തു നിന്നു കണ്ട ഒരേ ഒരാൾ പ്രശസ്ത സംവിധായകൻ ഭദ്രൻ ആണെന്ന് പൃഥ്വിരാജ് പറയുന്നു. ഭദ്രൻ ഒരുക്കിയ എവർ ഗ്രീൻ മാസ്സ് ഹിറ്റ് ആയ മോഹൻലാൽ ചിത്രം സ്ഫടികത്തിലെ സമാനമായ രംഗമാണ് ലുസിഫെറിലെ ആ രംഗം ഒരുക്കാൻ തനിക്ക് പ്രചോദനം ആയതെന്നും പൃഥ്വിരാജ് പറയുന്നു. ലുസിഫെർ തുടങ്ങുന്നതിനു മുൻപ് തന്നെ ഭദ്രൻ സാറിനെ വിളിച്ച് താൻ അനുഗ്രഹം തേടിയിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. സിനിമയോട് ആദ്യ കാലം മുതലേ സൂക്ഷിക്കുന്ന കൗതുകവും ആവേശവുമാണ് പൃഥ്വിരാജ് സുകുമാരൻ എന്ന നടനെ ഒരു മികച്ച സംവിധായകനും ആക്കിയത് എന്നു പൃഥ്വിരാജിനു അവാർഡ് നൽകി കൊണ്ട് ഭദ്രൻ പറഞ്ഞു.