മലയാള സിനിമയിലെ ഇപ്പോഴത്തെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഏതാനും ദിവസങ്ങൾക്കു മുൻപാണ് തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത്. പതിനെട്ടു വർഷം മുൻപ് സിനിമാ ജീവിതം ആരംഭിച്ച ഈ നടൻ ഒട്ടേറെ എതിർപ്പുകളും പ്രതിസന്ധികളും അതിജീവിച്ചു തന്നെയാണ് ഇന്ന് മലയാള സിനിമയിലെ സുപ്രധാനിയായി മാറിയത്. ഇപ്പോൾ നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ഒരു ഓൾ റൗണ്ടർ ആണ് പൃഥ്വിരാജ്. കഴിഞ്ഞ വർഷം പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച മോഹൻലാൽ ചിത്രമായ ലൂസിഫർ, മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. മോഹൻലാലിനെ തന്നെ നായകനാക്കി തന്റെ അടുത്ത ചിത്രങ്ങളും ഒരുക്കാൻ പോകുന്ന പൃഥ്വിരാജ്, ഒരു നടനെന്ന നിലയിലും കൈ നിറയെ പ്രൊജെക്ടുകളുമായി മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ്. സിനിമയുടെ സമസ്ത മേഖലകളേയും കുറിച്ചുള്ള അപാരമായ അറിവും പഠിക്കാനുള്ള പരിശ്രമവുമാണ് പൃഥ്വിരാജ് എന്ന വ്യക്തിയെ മുന്നിലെത്തിക്കുന്നതു.
ഇപ്പോൾ എല്ലാവരും വലിയ ഗുണമായി പറയുന്ന ഈ സ്വഭാവം കാരണം തനിക്കു പണ്ട് ഒട്ടേറെ ചിത്രങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. സിനിമ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കാൻ പോകുന്ന ക്യാമറ ഏതാണെന്നും, അതിന്റെ സാങ്കേതിക വശങ്ങളും ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഒരുപാട് ചിത്രങ്ങൾ ആദ്യകാലത്തു തനിക്കു നഷ്ട്ടപെട്ടിട്ടുണ്ട് എന്നും, ഇവനാരെടാ ഇതൊക്കെ ചോദിക്കാൻ എന്ന തരത്തിലുള്ള പ്രതികരണമായിരുന്നു അന്ന് കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ആ സ്വഭാവം മാറ്റിയിട്ടില്ല എന്നും, ഇന്നും അങ്ങനെ ചോദിക്കാറുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. പക്ഷെ ഇപ്പോൾ അതുകൊണ്ട് സിനിമകൾ നഷ്ട്ടപെടാറില്ല എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.