പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ലൂസിഫറിലെ ക്ലൈമാക്സിലെ ‘റഫ്താര’ എന്ന് തുടങ്ങുന്ന ഐറ്റം ഡാൻസ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലൈമാക്സിലെ ഈ ഐറ്റം ഡാൻസ് ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു. ഗാനരംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയിലെ ഒരു ഡാൻസ് ബാറിൽ ഓട്ടം തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വിരാജ് വിമർശകരോട് ചോദിക്കുകയാണ്. സ്ത്രീ ശരീരത്തെ പ്രദർശിപ്പിക്കുന്ന രീതിയിലാണ് ഗാനം ചിത്രീകരിച്ചതെന്ന ആരോപണത്തോടാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്ത്രീവിരുദ്ധത തന്റെ ചിത്രത്തിൽ ഇനി ഉണ്ടാവില്ലയെന്ന് പൃഥ്വിരാജ് മുമ്പ് അറിയിച്ചിട്ടുണ്ട്. സ്ത്രീകളെ തരംതാഴ്ത്തിക്കെട്ടുന്ന രീതിയിൽ ഒരു കഥാപാത്രവും ചെയ്യില്ല എന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഗ്ലാമർ വസ്ത്രങ്ങളിൽ നൃത്തം ചെയ്താൽ താൻ നൽകിയ പ്രസ്താവനയ്ക്ക് എതിരാവില്ലയെന്നും പൃഥ്വിരാജ് സൂചിപ്പിക്കുകയുണ്ടായി. തന്റെ തീരുമാനങ്ങളും നിലപാടും ഒരിക്കലും ഇനി മാറ്റില്ലയെന്നും സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന വ്യക്തി തന്നെയായിരിക്കും താനെന്ന് വ്യക്തമാക്കി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തു മുന്നേറികൊണ്ടിരിക്കുകയാണ്. അടുത്തിടെ ആമസോൻ പ്രൈമിൽ വമ്പൻ തുകയ്കാണ് ലൂസിഫർ എടുത്തത്.