
പ്രശസ്ത സംവിധായകൻ മേജർ രവി, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പിക്കറ്റ് 43. അതിർത്തിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും രണ്ടു പട്ടാളക്കാർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുടെയും കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. ഇന്ത്യൻ പട്ടാളക്കാരനായി പൃഥ്വിരാജ് സുകുമാരനും പാകിസ്ഥാൻ പട്ടാളക്കാരനായി ഹിന്ദി നടൻ ജാവേദ് ജാഫ്രിയും വേഷമിട്ട ഈ ചിത്രം അഞ്ചു വർഷം മുൻപാണ് റിലീസ് ചെയ്തത്. ആ സമയത്തു പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരേ സമയം നേടിയെടുത്ത ഈ ചിത്രം അഞ്ചു വർഷങ്ങൾക്കു ശേഷവും ചർച്ചാ വിഷയമാവുകയാണ്. എന്നാൽ ഇത്തവണ ഇ ചിത്രം ചർച്ച ചെയ്യപ്പെടുന്നത്, ഇന്ത്യക്കു പുറത്തു മ്യാന്മറിൽ ആണ്. നല്ല സിനിമകളുടെ റിവ്യൂ വരുന്ന അവിടുത്തെ ഒരു പത്രത്തിലാണ് പിക്കറ്റ് 43 എന്ന ചിത്രത്തിന്റെയും മികച്ച ഒരു നിരൂപണം പ്രത്യക്ഷപ്പെട്ടത്. കേരളവും മലയാള സിനിമയും ഇപ്പോഴും മ്യാൻമറിൽ ആർക്കും അറിയില്ല എന്നിരിക്കെ ഒരു മലയാള ചിത്രത്തിന്റെ നിരൂപണം അവിടുത്തെ പ്രമുഖ പത്രത്തിൽ വരിക എന്നത് വളരെ വലിയ നേട്ടമാണ്.
ഹിന്ദി സിനിമകൾ മാത്രം കണ്ട് ഇന്ത്യൻ സിനിമയെ വിലയിരുത്തുന്നവർ ആണ് മ്യാൻമറിലെ ബഹുഭൂരിപക്ഷം പ്രേക്ഷകരും എന്നതും ഈ നേട്ടത്തിന്റെ വലിപ്പം കൂട്ടുന്നു. ഹവീൽദാർ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ചത്. മുഷറഫ് ഖാൻ എന്ന പാക്കിസ്ഥാൻ പട്ടാളക്കാരനായി ജാവേദ് ജെഫ്രി അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് ജോമോൻ ടി ജോണും ഈ ചിത്രത്തിന് വേണ്ടി ശബ്ദ വിവരണം നൽകിയത് മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലുമാണ്. കാശ്മീരിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.