ജീത്തു ജോസഫ്- പൃഥ്വിരാജ് ടീം വീണ്ടുമൊന്നിക്കുന്നു; മെമ്മറീസിന് രണ്ടാം ഭാഗമോ?

Advertisement

ഇന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, ട്വൽത് മാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ ചെയ്ത സംവിധായകൻ കൂടിയാണ്. ഇപ്പോൾ ആസിഫ് അലി നായകനായ കൂമൻ പൂർത്തിയാക്കിയ ജീത്തു ജോസഫ് ഇനി ചെയ്യാൻ പോകുന്നത് മോഹൻലാൽ നായകനായ റാം ആണ്. രണ്ടു ഭാഗങ്ങളായാണ് ഈ ചിത്രം ചെയ്യാൻ പോകുന്നതെന്നാണ് സൂചന. അതിനു ശേഷം ഒരു ഹിന്ദി ചിത്രവും, ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രവും താൻ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മെമ്മറീസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം നമ്മുക്ക് സമ്മാനിച്ച പൃഥ്വിരാജ്- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തയാണ് വരുന്നത്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാർത്ഥം നിര്‍മ്മിക്കുന്ന ഈ ചിത്രം രചിക്കുന്നതും ജീത്തു തന്നെയാണ്.

2013ല്‍ പുറത്തെത്തിയ മെമ്മറീസും 2016ല്‍ പുറത്തെത്തിയ ഊഴവുമാണ് പൃഥ്വിരാജ്- ജീത്തു ജോസഫ് ടീമിൽ നിന്നും പുറത്തു വന്നത്. ജീത്തു ജോസഫ്- പൃഥ്വിരാജ് ടീമൊന്നിക്കുന്ന ഈ പുതിയ ചിത്രം, ജീത്തുവിന്റെ തന്നെ മോഹൻലാൽ ചിത്രമായ റാം നിർമ്മിക്കുന്ന അഭിഷേക് ഫിലിംസായിരിക്കും നിർമ്മിക്കുകയെന്നാണ് സൂചന. പൃഥ്വിരാജ് സാം അലക്സ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായെത്തിയ മെമ്മറീസിന്റെ രണ്ടാം ഭാഗമായിരിക്കുമോ ഇനി വരുന്ന ജീത്തു ജോസഫ്- പൃഥ്വിരാജ് ചിത്രമെന്ന നിലക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഏതായാലും ഈ ചിത്രം ഉടനെ ഉണ്ടാവില്ലയെന്നും, അടുത്ത വർഷം അവസാനത്തോടെ മാത്രമേ സംഭവിക്കുകയുള്ളൂ എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close