പൃഥ്വിരാജ് ഇല്ലെങ്കിൽ സലാർ ഇല്ല; മനസ്സ് തുറന്ന് പ്രശാന്ത് നീൽ

Advertisement

ബ്രഹ്മാണ്ഡ വിജയം നേടിയ കെ ജി എഫ് സീരിസിന് ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ ചിത്രമാണ് സലാർ. പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ മലയാളം സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഡിസംബർ 22 ന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെറുകൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. ഈ ചിത്രത്തിൽ പൃഥ്വിരാജ് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രമായി പൃഥ്വിരാജിനെയായിരുന്നു ആദ്യം മുതൽ മനസ്സിൽ കണ്ടിരുന്നത് എന്നും, പക്ഷെ അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെടുമോയെന്നും അദ്ദേഹം ഇതിലേക്ക് വരുമോയെന്നും ഉറപ്പുണ്ടായിരുന്നില്ലെന്നും പ്രശാന്ത് നീൽ വെളിപ്പെടുത്തി.

പൃഥ്വിരാജ് ഇല്ലാതെ സലാർ ഇല്ലെന്ന് സിനിമ കണ്ടതിന് ശേഷം തനിക്ക് മനസ്സിലായെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു. അസാധാരണമായ അഭിനയം കാഴ്ച വെച്ചതിനൊപ്പം തന്നോടൊപ്പം ഒരു സഹസംവിധായകനെ പോലെ ജോലി ചെയ്ത പൃഥ്വിരാജ് ക്രിയേറ്റീവ് പോയിന്റിൽ നിന്നു നൽകിയ നിർദേശങ്ങൾ സലാറിനെ ഏറ്റവും മികച്ചതാക്കുന്നതിൽ സഹായിച്ചിട്ടുണ്ടന്നും പ്രശാന്ത് പറയുന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അത്രക്കും ഗംഭീരമായിരുന്നുവെന്നും സലാർ ചെയ്യാൻ കാണിച്ച മനസ്സിന് അദ്ദേഹത്തിനോട് നന്ദി പറയുന്നുവെന്നും പ്രശാന്ത് നീൽ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യും. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close