അട്ടപ്പാടി ആദിവാസി സാക്ഷരതാ സർവേക്ക് തുടക്കം കുറിച്ച് കൊണ്ട് യുവ താരം പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നിരിക്കുകയാണ്. അട്ടപ്പാടി ആദിവാസി സമ്പൂർണ്ണ സാക്ഷരതാ മിഷനിൽ നിരക്ഷരരായ ആളുകളെ കണ്ടെത്താനുള്ള അവസാന ഘട്ട സർവ്വേ അഗളി കാവുണ്ടികല്ലിൽ വയലൂർ ഊരിലെ മരുതി നഞ്ചൻ എന്ന മുത്തശ്ശിയിൽ നിന്ന് വിവര ശേഖരണം നടത്തി ആണ് നടൻ പൃഥ്വിരാജ് സുകുമാരൻ ഉത്‌ഘാടനം ചെയ്തത്. പേനയും കടലാസുമായി പൃഥ്വിരാജ് മുന്നിൽ എത്തിയപ്പോൾ ആദ്യം ഒന്ന് പകച്ചു എങ്കിലും പിന്നെ ചിരിയോടെ താരത്തിന്റെ ചോദ്യത്തിന് മരുതി മുത്തശ്ശി ഉത്തരം പറഞ്ഞു. പേര് മരുതി, വയസ്സ് 70, പഠിച്ചിട്ടില്ല എന്നാണ് മുത്തശി പൃഥ്വിരാജ് സുകുമാരനോട് പറഞ്ഞത്.
ഇപ്പോൾ അട്ടപ്പാടി ഏരിയയിൽ ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന സച്ചി ചിത്രമായ അയ്യപ്പനും കോശിയും ചിത്രീകരിക്കുന്നത്. അതുകൊണ്ടു പൃഥ്വിരാജ് സുകുമാരന്റെ സൗകര്യം അനുസരിച്ചു ഈ സാക്ഷരതാ സർവേയുടെ ഉത്‌ഘാടനം അവരുടെ സിനിമാ ലൊക്കേഷനിലേക്ക് മാറ്റുകയിരുന്നു. അറിവ് നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കു എന്ന് പൃഥ്വിരാജ് പറയുന്നു. എഴുത്തും വായനയും പഠിക്കാൻ ആരും മടി കാണിക്കരുത് എന്നും അവിടെ വന്നവരെ ഉപദേശിച്ച പൃഥ്വിരാജ് അവരോടൊപ്പം കുറച്ചു സമയം ചിലവിടുകയും ചെയ്തു. അട്ടപ്പാടിയെ ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത നേടുന്ന ആദ്യ ആദിവാസി കോളനി ആയി അടുത്ത വർഷം ഏപ്രിൽ 18 നു പ്രഖ്യാപിക്കുക എന്നതാണ് ഈ മിഷന്റെ ലക്‌ഷ്യം. ഏതായാലും പൃഥ്വിരാജ് സുകുമാരന്റെ സാന്നിധ്യം കൂടി ആയതോടെ കൂടുതൽ പേർ ഈ മിഷന്റെ ഭാഗമാകാൻ എത്തിച്ചേരും എന്ന പ്രതീക്ഷയിൽ കൂടിയാണ് ഇതിന്റെ പ്രവർത്തകർ.