യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആയ ആട് ജീവിതത്തിന്റെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ചു വമ്പൻ മേക് ഓവറിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ശരീര ഭാരം കുറച്ച പൃഥ്വിരാജ് സുകുമാരന്റെ ചിത്രങ്ങൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏതായാലും ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ പോകുന്ന പൃഥ്വിരാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ചർച്ച ചെയ്യുന്ന ആ ഫേസ്ബുക്ക് പോസ്റ്റിൽ പൃഥ്വിരാജ് പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങൾ കഠിനമായിരുന്നു എന്നും ആടുജീവിതത്തിനായി പുറപ്പെടുമ്പോൾ, താൻ മുന്നിൽ മനപൂർവം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. തനിക്ക് കഴിയുന്നിടത്തോളം ഭാരം കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും ഒരുപക്ഷെ തനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ താൻ ഇപ്പോൾ അതിനെ മറികടന്നിരിക്കാമെന്നും താരം വിശദീകരിക്കുന്നു. അടുത്ത രണ്ടാഴ്ച താൻ സ്വയം ഉന്തിവിടുകയാണ് എന്നു പറഞ്ഞ പൃഥ്വിരാജ് ഇന്ന് രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ് എന്നാണ് പറയുന്നത്. ഒന്ന്, ഷെഡ്യൂൾ ആരംഭിക്കുന്നതിനുമുമ്പ് താൻ തനിക്ക് വേണ്ടി തന്നെ കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നത് കൊണ്ടും, രണ്ടാമതായി തന്റെ പരിവർത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് കരുതുന്നത് കൊണ്ടുമാണെന്നും പൃഥ്വിരാജ് പറയുന്നു.
താൻ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, താൻ സ്വയം വാഗ്ദാനം ചെയ്തതുപോലെ, താൻ തന്നെ പൂർണമായും നൽകുന്നു എന്നും അടുത്ത 15 ദിവസങ്ങളിലും, തുടർന്നുള്ള മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും താൻ നിരന്തരം തന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തുമെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ശാരീരികമായും, മാനസികമായും, വൈകാരികമായും ഓരോ ദിവസവും, ഓരോ നിമിഷവും അങ്ങനെ ആണെന്നും ഈ താരം വെളിപ്പെടുത്തുന്നു. നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ തന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഉൾക്കൊണ്ട് താൻ സ്വയം പ്രചോദിപ്പിക്കും എന്നു പറയുന്ന പൃഥ്വിരാജ് ഈ ഘട്ടത്തിൽ, തന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു എന്നും പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്നാണ് താൻ കരുതുന്നത് എന്നും പറഞ്ഞു. പൃഥ്വിരാജ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത് ഇപ്രകാരം, “മരുഭൂമി അവന് നേരെ തൊടുത്തുവിട്ട എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ആഗ്രഹത്തിനും, പ്രപഞ്ചത്തിലുള്ള അവന്റെ വിശ്വാസത്തിനും മുന്നിൽ തകർന്നു തരിപ്പണമായി. ആടുജീവിതം! ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോൾ”.