കഴിഞ്ഞ ദിവസമാണ് കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാർഡ് യുവ താരം പൃഥ്വിരാജ് സുകുമാരൻ ഏറ്റു വാങ്ങിയത്. മോഹൻലാൽ നായകനായി എത്തിയ ലുസിഫെർ എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് ഈ അവാർഡ് പൃഥ്വിരാജ് സുകുമാരനെ തേടിയെത്തിയത്. ഒരു പക്കാ മാസ്സ് ചിത്രമായി ഒരുക്കിയ ലുസിഫെർ പുലി മുരുകന് ശേഷം നൂറു കോടി ക്ലബിൽ ഇടം നേടിയ ഏക മലയാള ചിത്രമായി മാറി എന്നു മാത്രമല്ല, ആഗോള മാർക്കറ്റിൽ മലയാള സിനിമയിലെ കളക്ഷൻ ചരിത്രങ്ങൾ തിരുത്തി കുറിച്ചു. ഇപ്പോഴിതാ ആ ചടങ്ങിൽ വെച്ചു പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയെടുക്കുന്നത്.
ദിലീഷും, ലിജോയും പോലെയുള്ളവരുടെ വരവോടെ റിയലിസറ്റിക്ക് സിനിമകളാണ് പ്രേക്ഷകർക്ക് ഇഷ്ടം എന്ന അന്തരീക്ഷം മലയാള സിനിമയിൽ നിലനിന്നിരുന്നു എന്നും അങ്ങനെയുള്ള സാഹചര്യത്തിലാണ് ഒരു മാസ് സിനിമയുമായി താൻ വരുന്നത് എന്നും പൃഥ്വിരാജ് പറയുന്നു. അങ്ങനെ ഒരു സമയത്തു സംവിധായകൻ എന്ന നിലയിൽ ഒരു മുൻ പരിചയവും ഇല്ലാത്ത തന്നെ വിശ്വസിച്ചു ഇത്രയും വലിയ തുക മുടക്കുകയും താൻ ചോദിച്ച എല്ലാം തനിക്ക് ചെയ്ത് തരികയും ചെയ്ത ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനാണ് ഈ ചിത്രം ഇന്ന് നേടിയ ഈ വിജയത്തിന്റെ ക്രെഡിറ്റ് എന്നു പറയുന്നു പൃഥ്വിരാജ്. മികച്ച സംവിധായകന് ഉള്ള അവാർഡിന് പുറമെ ലൂസിഫെറിലെ പ്രകടനത്തിനു മികച്ച നടൻ ആയി മോഹൻലാൽ, മികച്ച വില്ലനായി വിവേക് ഒബ്രോയ് എന്നിവരും അവാർഡിന് അർഹരായി. ജനപ്രിയ ചിത്രത്തിനുള്ള അവാർഡും ലുസിഫെറാണ് നേടിയത്.