ശക്തമായ നിലപാടുകൾ കാരണം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. മലയാളത്തിലെ തിരക്കുള്ള നായകനായി മാറിയിരിക്കുകയാണ് അദ്ദേഹം. അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രശസ്‌ത നടിക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്ത് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചും അത് അവസാനിപ്പിക്കാൻ പൃഥ്വിരാജിന്റെ ഭാഗത്ത് നിന്ന് എന്ത് നടപടിയാണ് ഉണ്ടാകുകയെന്നും ചോദിക്കുകയുണ്ടായി.
തന്റെ ചുറ്റും കാണുന്ന സിനിമാലോകത്തെക്കുറിച്ച് മാത്രമേ തനിക്ക് പറയാൻ കഴിയുകയുള്ളൂവെന്നും എന്നാൽ വ്യത്യസ്തരായ ആളുകളും ഇവിടെയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം തന്റെ സിനിമയിൽ സ്ത്രീകൾക്കെതിരെ യാതൊരുവിധ ആക്രമണമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്നും താരം ഉറപ്പ് നൽകുകയുണ്ടായി. നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി, അഞ്ജലി മേനോന്റെ പുതിയ ചിത്രം എന്നിവയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സ്ത്രീകളോടൊപ്പം ജോലി ചെയ്യുന്നത് ഒരു പ്രശ്‌നമല്ല, ചിത്രം സംവിധാനം ചെയ്യുന്നത് ആണാണോ പെണ്ണാണോ എന്നതിലല്ല കാര്യമെന്നും, അവരുടെ കഴിവും കഥ ആളുകളിലേക്ക് കൃത്യമായി എത്തിക്കാൻ ഉള്ള പ്രാഗൽഭ്യവുമാണ് പ്രധാനമെന്നും പൃഥ്വി കൂട്ടിച്ചേർക്കുന്നു.
എന്ന് നിന്റെ മൊയ്‌ദീന് ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രമാണ് മൈസ്റ്റോറി. തമിഴ് യുവതാരം ഗണേഷ് വെങ്കട്ടറാം, മനോജ് കെ ജയൻ, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷ്നി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് റോഷ്നി ദിനകറും ദിനകറും കൂടിയാണ്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. എം രഞ്ജിത്ത് നിര്‍മിച്ച് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പൃഥ്വിരാജും പാര്‍വതിയും തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നസ്രിയ മടങ്ങിവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.