
മലയാള സിനിമയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ ഷങ്കർ. മലയാളി താരങ്ങളുടെ അഭിനയം ഏറെ ഇഷ്ട്ടപെടുന്ന ഷങ്കർ മലയാള സിനിമകളേയും ഏറെ ഇഷ്ട്ടപെടുന്നു. പ്രേമം, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾ തന്നെ അടുത്തിടെ ഏറെ അത്ഭുതപ്പെടുത്തിയ മലയാള ചിത്രങ്ങൾ ആണെന്നാണ് ശങ്കർ പറയുന്നത്. മലയാളി താരങ്ങൾക്കൊപ്പം പ്രവൃത്തിക്കുന്നതിൽ പ്രത്യേക സംതൃപ്തി ഉണ്ടെന്നും ഷങ്കർ പറയുന്നു. നെടുമുടി വേണു, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, കലാഭവൻ ഷാജോൺ, സുരേഷ് ഗോപി തുടങ്ങി ഒട്ടേറെ മലയാള നടമാർ ഷങ്കർ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
നെടുമുടി വേണുവിനെ പോലെ ഒക്കെയുള്ള സീനിയർ നടൻമാർ പ്രതിഫലത്തിന്റെ കാര്യത്തിൽ പോലും വാശി കാണിക്കാതെ അത്ര സഹകരണത്തോടെയാണ് തന്റെ സിനിമകളിൽ അഭിനയിക്കുന്നത് എന്നും അവരുടെ വിനയം അത്ഭുതപ്പെടുത്തുന്നു എന്നും ഷങ്കർ പറയുന്നു. ഷങ്കറിന്റെ ഇപ്പോൾ റിലീസ് ആയ എന്തിരൻ 2 ഇൽ മലയാളി സാന്നിധ്യം ആയി വന്നത് കലാഭവൻ ഷാജോൺ ആണെങ്കിൽ അടുത്ത ചിത്രമായ ഇന്ത്യൻ 2 ഇൽ നെടുമുടി വേണുവും അഭിനയിക്കും. മികച്ച പ്രമേയം ഒത്തു വന്നാൽ മലയാളത്തിൽ ചിത്രം ഒരുക്കാൻ ആഗ്രഹമുണ്ടെന്നും ഷങ്കർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ നല്ല ആശയം ഒത്തു വന്നാൽ എന്തിരന് ഒരു മൂന്നാം ഭാഗം ഒരുക്കുന്ന കാര്യവും ആലോചിക്കും എന്നും ശങ്കർ വെളിപ്പെടുത്തുന്നു. ബിഗ് ബജറ്റ് സിനിമകൾ തന്നെ ചെയ്യണം എന്ന് യാതൊരു നിർബന്ധവും ഇല്ല എന്നും കഥയ്ക്ക് ആവശ്യമായ ബജറ്റ് ആണ് പ്രധാനം എന്നും ഷങ്കർ പറയുന്നു.