മോഹൻലാൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസിന്റെ താരനിര കൂടുതൽ വലുതാകുന്നു; നിർണ്ണായക വേഷത്തിൽ പ്രതാപ് പോത്തനും

Advertisement

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറായ മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രമാണ് ബറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രഷർ. പ്രധാനമായും കുട്ടികളെ മനസ്സിൽ കണ്ടൊരുക്കുന്ന ഒരു അഡ്വെഞ്ചർ ഫാന്റസി ത്രീഡി ചിത്രമാണ് ഇതെന്ന് മോഹൻലാൽ നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മലയാളത്തിലെ ഇതിഹാസ സംവിധായകരിലൊരാളായ ജിജോ നവോദയയാണ്. ബറോസ് എന്ന ഭൂതമായി ടൈറ്റിൽ റോളിൽ മോഹൻലാൽ തന്നെ പ്രത്യക്ഷപ്പെടുമ്പോൾ ഇതിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈല മക്കാഫ്രി എന്ന് പേരുള്ള വിദേശിയായ ഒരു കൊച്ചു പെൺകുട്ടിയാണ്. ഇവർക്കൊപ്പം സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളം, ഗോവ എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളായി വരുന്ന ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും സ്റ്റുഡിയോ ഫ്ലോറിലാണ് ചിത്രീകരിക്കുക എന്നും ഈ വർഷം ജൂൺ മാസത്തോടെ ഇതിന്റെ ചിത്രീകരണമാരംഭിക്കാനാണ് പ്ലാനെന്നും മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുകയാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ.

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് താനീ ചിത്രത്തിന്റെ ഭാഗമാണ് എന്ന വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത് പ്രതാപ് പോത്തൻ തന്നെയാണ്. മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറുടെ വളരെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്‌ വളരെ സന്തോഷമുള്ള കാര്യമാണെന്നും പ്രതാപ് പോത്തൻ പറഞ്ഞു. മോഹൻലാൽ, ശിവാജി ഗണേശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു യാത്രാമൊഴി എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളയാളാണ് പ്രതാപ് പോത്തൻ. ലിഡിയൻ നാദസ്വരമെന്ന കുട്ടി സംഗീത സംവിധാനം നിർവഹിക്കുന്ന ബറോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് കെ യു മോഹനനാണ്. ആശീർവാദ് സിനിമാസ്, നവോദയ, റാവിസ് ഗ്രൂപ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നതു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close