എക്കോ ഫ്രണ്ട്ലി പരസ്യങ്ങളുമായി പ്രണയ മീനുകളുടെ കടൽ; മലയാളത്തിൽ ആദ്യമായി തുണിയിൽ തീർത്ത ഹോർഡിങ്…!

Advertisement

ഫ്ലെക്സ് നിരോധനവും അതുപോലെ തമിഴ് നാട്ടിൽ ഫ്ളക്സ് വീണു മരണപ്പെട്ട പെൺകുട്ടിയുടെ വാർത്തയുമെല്ലാം സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച ആയി നിൽക്കുന്ന സമയമാണിത്. തമിഴ് നാട്ടിൽ വിജയ്, മലയാളത്തിൽ മമ്മൂട്ടി എന്നിവർ തങ്ങളുടെ അടുത്ത റിലീസ് ആയ ബിഗിൽ, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഫ്ലെക്സ് ഉപയോഗിക്കുന്നില്ല എന്ന് തീരുമാനം എടുത്തു കഴിഞ്ഞു. ബിഗിൽ ഓഡിയോ ലോഞ്ച് പരിപാടിക്ക് വേണ്ടി ഫ്ലെക്സുകൾ ഉപയോഗിച്ചിരുന്നില്ല. അതുപോലെ മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വന്റെ പ്രമോഷൻ പോസ്റ്ററിൽ മാത്രമായി ഒതുക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ മലയാളത്തിലെ ആദ്യത്തെ എക്കോ ഫ്രണ്ട്‌ലി സിനിമ പരസ്യങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് കമൽ ചിത്രമായ പ്രണയമീനുകളുടെ കടൽ.

മലയാളത്തിൽ ആദ്യമായി ആണ് ഒരു സിനിമയ്ക്കു വേണ്ടി തുണിയിൽ തീർത്ത ഹോർഡിങ് ഉപയോഗിക്കുന്നത്. തികച്ചും അഭിനന്ദനാർഹവും അനുകരിക്കാവുന്നതുമായ ഒരു പ്രൊമോഷൻ രീതി കൂടിയാണ് ഇത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. സാധാരണ ഫ്ലെക്സുകളെ അപേക്ഷിച്ച് ഏറെ ചിലവ് കൂടുതലാണ് തുണികൊണ്ടുള്ള ഹോർഡിങ്ങുകൾ നിർമ്മിക്കാൻ. എങ്കിലും മറ്റു ഹോർഡിങ്ങുകളെ പോലെ പരിസ്ഥിതിക്ക്‌ ദോഷം വരുത്തില്ല എന്നതാണ് ഇതിന്റെ ഗുണം. കാഴ്ച്ചയിൽ ഭംഗി തോന്നിക്കുന്നവ അല്ല ഈ പുതിയ ഹോർഡിങ്ങുകൾ എങ്കിലും പരിസ്ഥിതിക്ക് ദോഷം വരുത്തരുത് എന്ന ലക്ഷ്യത്തോടെ ആണ് ഇവ ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്ത് ജോൺ പോൾ തിരക്കഥ ഒരുക്കിയ ഈ സിനിമയിൽ വിനായകൻ, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ എന്നിവരും, ഒരുകൂട്ടം പുതു മുഖങ്ങളുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇത് വരെ റിലീസ് ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങളും ട്രൈലറുമെല്ലാം ശ്രദ്ധ നേടിയെടുത്തിരുന്നു. ഡാനി പ്രോഡക്‌ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയും, ദീപക് ജോണും നിർമിച്ചിരിക്കുന്ന ചിത്രം ഫ്രെയിംസ് ഇന്നെവിറ്റബിൾ ഒക്ടോബർ നാലിന് തീയേറ്ററുകളിൽ എത്തിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close