മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാൽ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി റിലീസ് ചെയ്ത, ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ പ്രണവിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. ഹൃദയം കൂടാതെ പ്രണവ് അഭിനയിച്ചു പുറത്തു വരാനുള്ളത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. അതിൽ കുഞ്ഞാലി മരക്കാർ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആ ചിത്രത്തിന്റെ സഹരചയിതാവും സഹസംവിധായകനുമായ അനി ഐ വി ശശി. ഈ അടുത്തിടെ നിന്നിലാ എന്നില എന്ന പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ സംവിധായകൻ ആയും അരങ്ങേറ്റം കുറിച്ച അനി, ഇതിഹാസ സംവിധായകൻ ഐ വി ശശിയുടേയും നടി സീമയുടെയും മകനാണ്.
കുഞ്ഞാലി മരക്കാർ ആയി മികച്ച പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചിരിക്കുന്നത് എന്നും അതിലെ ചില രംഗങ്ങൾ അത്രമാത്രം ഹൃദയസ്പർശിയായി പ്രണവ് അവതരിപ്പിച്ചിട്ടുണ്ടെന്നും അനി പറയുന്നു. ഇതുവരെ പ്രണവ് ചെയ്ത ഒരു ചിത്രത്തിലും കാണാത്ത അഭിനയ മുഹൂര്തങ്ങളാണ് മരക്കാരിൽ അദ്ദേഹം സമ്മാനിച്ചതെന്നും അതിലൂടെ പ്രണവ് മോഹൻലാൽ എന്ന മികച്ച നടനെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്നും അനി പറയുന്നു. പ്രണവ് മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് സിനിമാലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്നും അനി നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്ന മരക്കാർ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേർന്നു നിർമ്മിച്ച ഈ ചിത്രം ആഗസ്റ്റ് 12 നു കേരളത്തിലെ മുഴുവൻ സ്ക്രീനുകളിലും ആയി റിലീസ് ചെയ്യാനാണ് പ്ലാൻ.