
മലയാളത്തിന്റെ യുവതാരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക് എന്ന് സൂചന. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രം ഒരുങ്ങുന്നത് തെലുങ്കിലാണെന്ന വാർത്തകളാണ് തെലുങ്ക് മാധ്യമങ്ങൾ പുറത്ത് വിടുന്നത്. ജനതാ ഗാരേജ് എന്ന മോഹൻലാൽ- ജൂനിയർ എൻ ടി ആർ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതനായ സംവിധായകൻ കൊരടാല ശിവയാണ് പ്രണവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുക എന്നാണ് സൂചന.
മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും അഭിനയിക്കുമെന്നും വാർത്തകളുണ്ട്. കൊരടാല ശിവ പ്രണവിനെ കണ്ട് കഥ പറഞ്ഞു എന്നും, പ്രണവ് അതിന് സമ്മതം മൂളി എന്നുമാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നായകനായി അഭിനയിച്ച നാല് ചിത്രങ്ങളിൽ മൂന്നും ബ്ലോക്ക്ബസ്റ്ററാക്കിയ പ്രണവ് മോഹൻലാൽ തെലുങ്കിലും വിജയക്കൊടി പാറിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ ആരാധകർ.
ജൂനിയർ എൻ ടി ആർ നായകനായ ദേവരയണ് കൊരടാല ശിവയുടെ അടുത്ത റിലീസ്. രണ്ട് ഭാഗങ്ങളായാണ് ദേവര ഒരുക്കുന്നത്. പ്രണവ് മോഹൻലാൽ ചിത്രത്തിന് ശേഷമായിരിക്കും ദേവരയുടെ രണ്ടാം ഭാഗം കൊരടാല ശിവ ഒരുക്കുക എന്നാണ് സൂചന. സെപ്റ്റംബർ 27 നാണ് ജൂനിയർ എൻ ടി ആർ, ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവർ വേഷമിട്ട ദേവര ആഗോള റിലീസായി എത്തുന്നത്.