വിഷു-ഈദ് റിലീസായി വമ്പൻ മലയാള ചിത്രങ്ങൾ; ഒരുങ്ങുന്നത് പൃഥ്വിരാജ്- ഫഹദ് ഫാസിൽ- പ്രണവ് മോഹൻലാൽ പോരാട്ടം

Advertisement

അടുത്ത വർഷത്തെ വിഷു- ഈദ് റിലീസായി വമ്പൻ മലയാള ചിത്രങ്ങൾ ഒരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ത്രീഡി ചിത്രം ബറോസ് മാർച്ച് അവസാനം, വിഷുവിന് രണ്ടാഴ്ച മുൻപ് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിഷു- ഈദ് റിലീസായി ഏപ്രിൽ പതിനൊന്നിന് എത്തുന്ന ചിത്രങ്ങളുടെ ലിസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. അതിൽ ആദ്യത്തേത് പൃഥ്വിരാജ് സുകുമാരൻ നായകനായ ബ്ലെസി ചിത്രമായ ആട് ജീവിതമാണ്. ബ്രഹ്മാണ്ഡ ബഡ്ജറ്റിലൊരുക്കിയ ഈ ക്ലാസിക് ചിത്രം പൃഥ്വിരാജ് സുകുമാരന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു പൊൻതൂവലായി മാറുമെന്നാണ് സൂചന. ബെന്യാമിന്റെ വിഖ്യാത നോവലിനെ ആസ്‍പദമാക്കിയൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാനാണ്. മലയാള സിനിമയിലേക്ക് വമ്പൻ പുരസ്‍കാരങ്ങൾ എത്തിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം കൂടിയാണ് ആട് ജീവിതം. ഇതിനൊപ്പം എത്തുന്ന മറ്റൊരു ചിത്രം ഫഹദ് ഫാസിൽ നായകനായ ആവേശമാണ്.

രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത ജിത്തു മാധവൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രോമാഞ്ചം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്ന ഒരു സ്പിൻ ഓഫ് ചിത്രമാണ് ആവേശമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഈ ബോക്സ് ഓഫീസ് യുദ്ധത്തിൽ പങ്ക് ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ചിത്രം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന വർഷങ്ങൾക്ക് ശേഷമാണ്. ഹൃദയം എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ഒന്നിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിലും എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നീരജ് മാധവ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും വേഷമിടുന്ന ഈ ചിത്രവും ഏപ്രിൽ പതിനൊന്നിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close