മോഹന്‍ലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദി’ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടയില്‍ പ്രണവിന് കൈക്ക് പരിക്കേറ്റിരുന്നു. ഗ്ലാസ് തകര്‍ക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് പ്രണവ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നാണ് സൂചന. ഫ്രാന്‍സില്‍ നിന്നെത്തിയ സംഘട്ടന സംവിധായകരാണ് ചിത്രത്തിന്റെ ആക്ഷന്‍ സീനുകള്‍ ഒരുക്കിയത്. ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കര്‍ പരിശീലനവും നേടിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ച് ആരാധകർക്കുള്ള പ്രതീക്ഷകളും ഏറെയാണ്.
ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പ്രണവ് ചാടുന്ന രംഗം അഞ്ച് തവണ റിഹേഴ്‌സൽ നടത്തിയെങ്കിലും ശരിയായില്ല. തുടർന്ന് ഈ രംഗം പിന്നീട് ചിത്രീകരിക്കാമെന്നും ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നും സംവിധായകന്‍ നിർദേശിക്കുകയുണ്ടായി. എന്നാൽ ആ രംഗം താൻ ഇന്ന് തന്നെ ചെയ്യുമെന്ന നിലപാടിലായിരുന്നു പ്രണവ്.
അടുത്ത ടേക്കില്‍ പ്രണവ് അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്‌തു. ആക്ഷന്‍ രംഗങ്ങളോട് ഏറെ ഇഷ്ടമുള്ള മോഹൻലാലും ഡ്യൂപ്പിന്റെ ഉപയോഗിക്കാതെയാണ് ചിത്രീകരണം പൂർത്തിയാക്കാറുള്ളത്. അച്ഛന്റെ പാതയിലൂടെ തന്നെയാണ് മകനും എന്നത് ശ്രദ്ധേയമാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ‘ആദി’. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എെന്റർടെയ്നറാണ് ചിത്രമെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിക്കുന്നത്.
സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിൽ ജോൺസനാണ് സംഗീതം. ചിത്രത്തിൽ സ്ത്രീപ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നത് അനുശ്രീയും, ലെനയും, അതിഥി രവിയുമാണ്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.