യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം ഇപ്പോൾ അതിഗംഭീര പ്രതികരണമാണ് നേടുന്നത്. ഈ അടുത്തകാലത്ത് വന്നതിൽ ഏറ്റവും മികച്ച മലയാള ചിത്രം എന്നാണ് പ്രേക്ഷകർ ഹൃദയത്തെ കുറിച്ച് പറയുന്നത്. അതിനൊപ്പം നിരൂപകരും ഈ ചിത്രത്തിന് മേൽ പ്രശംസ ചൊരിയുകയാണ്. വിനീത് ശ്രീനിവാസന്റെ കരിയർ ബെസ്റ്റ് ആണ് ഈ ചിത്രം എന്ന് പറയുന്നതിനൊപ്പം തന്നെ പ്രണവ് മോഹൻലാൽ എന്ന നടനെ ആഘോഷിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ചിത്രത്തിലെ അരുൺ എന്ന കഥാപാത്രമായി അതിഗംഭീരമായ പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. വളരെ അനായാസമായി അഭിനയിച്ച പ്രണവ് അരുൺ ആയി സ്‌ക്രീനിൽ ജീവിച്ചു കാണിച്ചു തന്നതോടെ ഈ നടന്റെ അപാരമായ അഭിനയ സിദ്ധി പ്രേക്ഷകർ തിരിച്ചറിയുകയാണ്. ഇപ്പോഴിതാ പ്രണവ് എന്ന നടനെ കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
അനായാസമായ അഭിനയമാണ് പ്രണവിന്റേത് എന്നും, അവന്റെ അച്ഛൻ മോഹൻലാലിനെ പോലെ തന്നെ വളരെ സൂക്ഷ്മ ഭാവങ്ങൾ വരെ കണ്ണുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ അറിയാവുന്ന ആളാണ് പ്രണവ് എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. അതുപോലെ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ പ്രണവിന് കൂടുതൽ ഇഷ്ടമാണ് എന്നാണ് തനിക്കു തോന്നുന്നത് എന്നും, ഹൃദയത്തിലെ അത്തരം ഭാവങ്ങൾ വരുന്ന ഭാഗങ്ങൾ ചെയ്യുമ്പോൾ പ്രണവ് ആളാകെ മാറി, വളരെ ആസ്വദിച്ചാണ് അഭിനയിച്ചത് എന്നും വിനീത് പറഞ്ഞു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികമാർ.