സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞുള്ള 107 പേര് ഉൾപ്പെട്ട ഹർജിയിലെ കള്ളങ്ങൾ പൊളിയുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം കണ്ടു കൊണ്ടിരിക്കുന്നത്. ഹർജിയിൽ ഒപ്പിട്ടു എന്ന് പറയപ്പെട്ട പലരും അത് തെറ്റാണു എന്ന് തുറന്നു പറഞ്ഞു കൊണ്ട് മുന്നോട്ടു വരികയാണ്. പ്രശസ്ത നടൻ പ്രകാശ് രാജ് ആണ് അങ്ങനെ ആദ്യം മുന്നോട്ടു വന്നത്. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞു കുറച്ചു പേര് ഒപ്പിട്ടു നൽകിയ ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ല എന്നും തന്റെ പേര് അതിൽ വന്നത് എങ്ങനെ എന്നും അറിയില്ല എന്നും പ്രകാശ് രാജ് പറയുന്നു. മോഹൻലാൽ ഇന്ത്യക്കു തന്നെ അഭിമാനമായ മഹാനടൻ ആണെന്നും അദ്ദേഹത്തിനെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്കു കഴിയില്ല എന്നും പ്രകാശ രാജ് പറഞ്ഞു.
ആര് അങ്ങനെ ചെയ്താലും അത് ശെരിയാണെന്നു താൻ വിശ്വസിക്കുന്നുമില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കു എതിർപ്പ് ഉണ്ടെങ്കിലും അതും ഒരു അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുന്നതുമായി കൂട്ടി ചേർത്ത് ഒരിക്കലും പറയാൻ ആവില്ലെന്നും പ്രകാശ് രാജ് പറയുന്നു. ദിലീപ് വിഷയത്തിൽ തനിക്കുള്ള എതിർപ്പ് താൻ പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും മോഹൻലാലിനോട് എന്നും ബഹുമാനം മാത്രമേ ഉള്ളു എന്ന് പ്രകാശ് രാജ് സൂചിപ്പിക്കുന്നു . ഈ സംഭവവുമായി ബന്ധപ്പെട്ട കത്തിൽ തന്റെ പേര് എങ്ങനെ വന്നു എന്നറിയില്ല എന്നും ഒപ്പിടാൻ ആയി തന്നെ ആരും സമീപിച്ചിട്ടു പോലുമില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. ഇത്തരത്തിൽ ഒരു ചടങ്ങിൽ മോഹൻലാൽ വരുന്നതിൽ യാതൊരു തെറ്റുമില്ലെന്നും ഇക്കാര്യത്തിൽ താൻ ലാലിന്റെ കൂടെ നിൽക്കുന്നു എന്നും പ്രകാശ രാജ് വെളിപ്പെടുത്തി.