മഞ്ജു വാര്യർ ചിത്രത്തിലൂടെ പ്രഭുദേവ വീണ്ടും മലയാളത്തിലേക്ക്..!

Advertisement

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. ഇന്തോ-അറബിക് ചിത്രമായി ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഗൾഫിലെ റാസൽ ഖൈമയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിർ പള്ളിക്കൽ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് നൃത്ത സംവിധാനം നിർവഹിച്ചു കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാളായ പ്രഭുദേവ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ ആകെ രണ്ടു മലയാള ചിത്രങ്ങളിൽ മാത്രമേ ഇതുവരെ ജോലി ചെയ്തിട്ടുള്ളു. അതിലൊന്ന് തന്റെ കരിയറിന്റെ തുടക്കത്തിൽ, ജയരാജ് ഒരുക്കിയ ജോണി വാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തത് ആണ്. പിന്നീട് നമ്മൾ അദ്ദേഹത്തെ മലയാളത്തിൽ കണ്ടത് സന്തോഷ് ശിവൻ ഒരുക്കിയ പൃഥ്വിരാജ് ചിത്രമായ ഉറുമിയിൽ അഭിനയിച്ചപ്പോഴാണ്.

ഏതായാലും എം ജയചന്ദ്രൻ സംഗീതം ഒരുക്കുന്ന ആയിഷ എന്ന ചിത്രത്തിൽ നൃത്ത സംവിധായകനായി അദ്ദേഹം എത്തുന്നു എന്ന വാർത്തകളാണ് വരുന്നത്. ആഷിഫ് കക്കോടി രചിച്ച ഈ ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. മജ്ഞു വാര്യർക്കു ഒപ്പം രാധിക, സജ്ന, പൂർണിമ , ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അഭിനയിക്കുന്ന ഈ സിനിമ, ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ ആണ് നിർമ്മിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആയി നിൽക്കുന്നുണ്ട്. വിഷ്ണു ശർമ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് അപ്പു എൻ ഭട്ടതിരി ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close