പ്രഭാസ്- പ്രശാന്ത് നീൽ ചിത്രം സലാർ എത്തുന്നത് രണ്ട് ഭാഗങ്ങളായി; കൂടുതൽ വിവരങ്ങളിതാ

Advertisement

റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ ജി എഫ്, കെ ജി എഫ് 2 എന്നീ ചിത്രങ്ങളുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, സൂപ്പർ ഹിറ്റ് കന്നഡ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന സലാർ. മലയാളം സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രവും ഒരുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള ഒരു വമ്പൻ അപ്‌ഡേറ്റാണ് പുറത്ത് വരുന്നത്. സലാർ രണ്ട് ഭാഗങ്ങളായാണ് പുറത്തു വരിക എന്ന വിവരങ്ങളാണ് വരുന്നത്. അതിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ അവസാനിക്കും. ഈ വർഷം സെപ്റ്റംബർ 28നാണ് സലാർ ആദ്യ ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തുക. സലാർ ആദ്യ ഭാഗം കഴിഞ്ഞ് പ്രശാന്ത് നീൽ ചെയ്യാൻ പോകുന്നത്, ജൂനിയർ എൻടിആർ നായകനായഭിനയിക്കുന്ന ചിത്രമാണ്.

അതിനും ശേഷമാണ് അദ്ദേഹം സലാർ രണ്ടാം ഭാഗം സംവിധാനം ചെയ്യുക. പ്രശസ്ത തെന്നിന്ത്യൻ നായികയായ ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന സലാർ, കന്നഡ, തെലുങ്കു ഭാഷകളിൽ ഒരേ സമയമാണ് ഷൂട്ട് ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രേയ റെഡ്‌ഡി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ വേഷത്തിൽ പ്രഭാസ് എത്തുമ്പോൾ, ആദ്യ എന്നാണ് ഇതിൽ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കെ ജി എഫിന് ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെ ജി എഫ് സംഗീത സംവിധായകനായ രവി ബസ്‌റൂർ തന്നെയാണ്. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഇതിൽ വേഷമിടുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close