പ്രേക്ഷകരെ പൊട്ടിച്ചിരിയിൽ ആറാടിച്ച് ന്നാ താൻ കേസ് കൊട്; മജിസ്‌ട്രേറ്റായി കയ്യടി വാരിക്കൂട്ടി പി പി കുഞ്ഞികൃഷ്ണൻ

Advertisement

കുഞ്ചാക്കോ ബോബനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് സൂപ്പർ വിജയമാണ് നേടുന്നത്. ഇന്നലെ റിലീസ് ചെയ്ത ഈ കോർട്ട് റൂം ഡ്രാമ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വമ്പൻ പ്രതികരണമാണ് നേടുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അതീവ രസകരമായി പറഞ്ഞ ഈ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കയ്യടി നേടുകയാണ്. കൊഴുമ്മൽ രാജീവൻ എന്ന കേന്ദ്ര കഥാപാത്രമായി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കുഞ്ചാക്കോ ബോബൻ കാഴ്ച വെച്ചത്. എന്നാൽ ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, അത് ഇതിലെ മജിസ്‌ട്രേറ്റിന്റെ വേഷം ചെയ്ത പി പി കുഞ്ഞികൃഷ്ണൻ എന്ന നടനാണ്. സ്‌ക്രീനിൽ വരുന്ന സമയം മുതൽ സ്‌ക്രീനിൽ നിൽക്കുന്ന അവസാന നിമിഷം വരെ കയ്യടി നേടിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.

Advertisement

തന്റെ ഓരോ നോട്ടം കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ഇദ്ദേഹം, അത്ര സ്വാഭാവികമായാണ് ഈ കഥാപാത്രത്തിന് ജീവൻ പകർന്നത്. അതീവ രസകരമായ തന്റെ ശരീരഭാഷകൊണ്ട്, മജിസ്‌ട്രേറ്റ് കഥാപാത്രത്തിന് അദ്ദേഹം കൊടുത്ത ഊർജവും തിളക്കവും വളരെ വലുതാണ്. ഒരു ഘട്ടത്തിൽ മറ്റെല്ലാവരെയും മറന്ന്, ഇദ്ദേഹം സ്‌ക്രീനിൽ വരണേ എന്ന പ്രാർഥനയോടെ പ്രേക്ഷകർ ഇരുന്നു പോയാലും അത്ഭുതമില്ല. കാരണം തന്റെ പ്രകടനം കൊണ്ട് അത്ര വലിയ ഇഷ്ടവും സ്വാധീനവുമാണ് ഇദ്ദേഹം പ്രേക്ഷകരിലുണ്ടാക്കിയത്. ഇദ്ദേഹത്തോടൊപ്പം ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതുമുഖങ്ങളും ഗംഭീരമായി. ഗായത്രി ശങ്കർ, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, സിബി തോമസ് എന്നിവരും ഇതിൽ കയ്യടി നേടുന്നുണ്ട്.

Advertisement

Press ESC to close