പ്രശസ്ത സംവിധായകൻ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് നേരത്തെ തീരുമാനിച്ചത് പോലെ ഓഗസ്റ്റ് 15 നു തന്നെ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചു എന്ന് പറഞ്ഞു ലിസ്സി എന്ന എഴുത്തുകാരി നൽകിയ കേസ് കോടതി തള്ളി. തന്റെ നോവലിലെയും തിരക്കഥയിലെയും കഥാസന്ദർങ്ങൾ ഉപയോഗപ്പെടുത്തിയാണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയതെന്നു ആരോപിച്ചാണ് സംവിധായകൻ ജോഷി, നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി, റെജിമോൻ, തിരക്കഥാകൃത്ത് അഭിലാഷ്. എൻ. ചന്ദ്രൻ എന്നിവർക്കെതിരെ ലിസ്സി എന്ന പരാതിക്കാരി കേസ് ഫയൽ ചെയ്തത്. പരാതിക്കാരിയുടെ നോവലും തിരക്കഥയും പൊറിഞ്ചു മറിയം ജോസ് സിനിമയുടെ തിരക്കഥയും വായിച്ചുനോക്കി താരതമ്യം ചെയ്ത ശേഷം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ഈ കേസ് ചിലവ് സഹിതം തള്ളി കളഞ്ഞു.
രചയിതാവ് അഭിലാഷ് എൻ ചന്ദ്രൻ ഇതിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “എഴുത്തിന്റെ വഴി ഞാൻ തിരഞ്ഞെടുത്തത് ആത്മസാക്ഷാത്കാരത്തിനു വേണ്ടിയാണ്. എനിക്കു പറയാനുള്ളത് ഞാൻ പറയുകയും മറ്റുള്ളവർ അതു കേൾക്കുകയും ചെയ്യുമ്പോൾ രൂപപ്പെട്ടുവരുന്ന സംഗീതാത്മകമായ അന്തരീക്ഷമാണ് എന്റെ പ്രചോദനം. എനിക്കു ശേഷവും എന്റെ കഥകളും കഥാപാത്രങ്ങളും ഓർക്കപ്പെടുന്നതിനെക്കുറിച്ചോർക്കുമ്പോഴുള്ള നിർവൃതിയാണ് എന്റെ ഇന്ധനം. ജീവിച്ചിരിക്കുന്നതിന് ഇതിലും സുഖകരമായ മറ്റൊരർഥവും ഞാൻ കാണുന്നില്ല. ലിസ്സി എന്ന സ്‌ത്രീയുടെ ആരോപണം വന്ന ദിവസം ഞാൻ വൈകാരികമായി തകരുകയും പിന്നെ ദിവസങ്ങളോളം വിഷാദത്തിലേയ്ക്കു തള്ളിവീഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്നിൽ നിന്നു വന്ന ചോദ്യങ്ങളെക്കാൾ പിന്നിൽനിന്നു കേട്ട അടക്കിച്ചിരികൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. “ദുരനുഭവങ്ങൾ നമ്മളെ കൂടുതൽ കരുത്തരാക്കും” എന്ന തത്വചിന്ത തന്നെയാണ് എനിക്കും താങ്ങായി നിന്നത്; പിന്നെ എന്നെ അറിയാവുന്ന എന്നെ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ടവരും. മഴപെയ്തുതോരുമ്പോൾ മരച്ചില്ലകൾക്കിടയിലൂടെ കാണുന്ന വെള്ളിനിറമുള്ള മാനം പോലെ മനസ്സിന് നല്ല സന്തോഷമുണ്ടിപ്പോൾ”. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.