മലയാള സിനിമയിലെ ഏറ്റവും മികച്ച രചയിതാക്കളിലൊരാണ് രഘുനാഥ് പലേരി. ഇപ്പോൾ എഴുത്തിൽ സജീവമല്ലെങ്കിലും എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഒട്ടേറെ ഗംഭീര ചിത്രങ്ങൾ രചിച്ചും സംവിധാനം ചെയ്‌തും അദ്ദേഹം നമ്മുടെ മുന്നിലെത്തിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്ന് മുതൽ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, പിറവി, മഴവിൽ കാവടി, കടിഞ്ഞൂൽ കല്യാണം, എന്നോടിഷ്ടം കൂടാമോ, അർത്ഥന, മേലേപ്പറമ്പിൽ ആൺവീട്, സന്താന ഗോപാലം, പിൻഗാമി, വധു ഡോക്ടറാണ്, വിസ്മയം, വാനപ്രസ്ഥം, ദേവദൂതൻ, മധുരനൊമ്പര കാറ്റ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒന്ന് മുതൽ പൂജ്യം വരെ, വിസ്മയം എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തവയാണ്. എന്നാൽ കഴിഞ്ഞ വർഷമാണ് അദ്ദേഹം നടനായി ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയാണ് രഘുനാഥ് പലേരി നടനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അതിനെ കുറിച്ച് അദ്ദേഹം പങ്കു വെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.
രഘുനാഥ് പലേരി പറയുന്ന വാക്കുകൾ ഇങ്ങനെ, ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ മാന്ത്രികനാണ് എന്നെ തിരശ്ശീലയിലെ പ്രകാശത്തിലേക്ക് എന്തുകൊണ്ടോ സന്നിവേശിപ്പിച്ചത്. ഇങ്ങിനൊരു അനുഭവം ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഷാനവാസിൽ നിന്നും മാറി നിൽക്കാൻ സാധിച്ചതുമില്ല. അവൻ രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമായതും, എടുത്തു ചാടട്ടെ എന്നാദ്യം ചോദിച്ചത് അൻവർ റഷീദിനോടായിരുന്നു. അതിശയത്തോടെ ചേർത്തു പിടിച്ച് ധൈര്യമായി ചാടാൻ പറഞ്ഞു അവൻ. ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് ആഹ്‌ളാദ ഭീഷണിയും. പിന്നീട് സത്യൻ അന്തിക്കാടിനോടായി ചോദ്യം. മനസ്സ് തുറന്ന് ചിരിച്ചു സത്യൻ. ആ ചിരിയിൽ സർവ്വ ശാസനയും സ്‌നേഹവും കണ്ട് ഞാനും ചിരിച്ചു. അദ്രുമാനായി ഷർട്ടും മുണ്ടും ബെൽറ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ടു നിന്നപ്പോൾ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിർമ്മ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല. ജീവിതത്തിരശ്ശീലയിൽ വീഴുന്ന പ്രകാശ നുറുങ്ങുകൾക്ക് എന്തൊരു ചൈതന്യമാണ്.