മലയാള സിനിമയിലെ ജനപ്രിയ സിനിമകളുടെ അമരക്കാരൻ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന സച്ചി വിട വാങ്ങി. തൃശൂരിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു, എറണാകുളം ലോ കോളേജിലെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട ചലച്ചിത്രകാരനായിരുന്നു സച്ചി. പതിമൂന്നു വർഷം മുൻപ് ഇരട്ട തിരക്കഥാകൃത്തുക്കളിലൊരാളായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സച്ചി പിന്നീട് സ്വതന്ത്ര രചയിതാവും സംവിധായകനുമായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് ഗംഭീര വിനോദ ചിത്രങ്ങൾ. കാമ്പുള്ള കഥയും വിനോദവും ഏറ്റവും കൃത്യമായി കോർത്തിണക്കിയ പ്രതിഭ എന്ന് സച്ചിയെ വിശേഷിപ്പിക്കാം. സിനിമയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് ഹൈക്കോടതിൽ അഭിഭാഷകനായിരുന്ന സച്ചിയേ മലയാള സിനിമയിലേക്ക് എത്തിച്ചത്. സേതുവിനൊപ്പം ചേർന്ന് രചന തുടങ്ങിയ സച്ചി മലയാള സിനിമയ്ക്കു ആദ്യ കാലത്തു സമ്മാനിച്ചത് ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ സൂപ്പർ ഹിറ്റുകൾ. അതിനു ശേഷം സ്വതന്ത്ര രചയിതാവായി സച്ചി അരങ്ങേറ്റം കുറിച്ചത് മലയാളത്തിലെ വമ്പൻ ജോഡിയായ മോഹൻലാൽ- ജോഷി ടീമിന് വേണ്ടി രചിച്ച റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയായിരുന്നു. ബ്ലോക്ക്ബസ്റ്ററായി മാറിയ ആ ചിത്രത്തിന് ശേഷം സച്ചിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സച്ചി നിർമ്മാണ പങ്കാളി കൂടിയായ ചേട്ടായീസ്, അരുൺ ഗോപി എന്ന നവാഗത സംവിധായകനെ മലയാള സിനിമയ്ക്കു സമ്മാനിച്ച രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം, സംഭാഷണം രചിച്ച ഷെർലോക് ടോംസ് എന്ന ബിജു മേനോൻ – ഷാഫി ചിത്രം, സൂപ്പർ വിജയം നേടിയ പൃഥ്വിരാജ്- ജീൻ പോൾ ലാൽ ചിത്രമായ ഡ്രൈവിംഗ് ലൈസെൻസ് എന്നിവ സച്ചി എന്ന രചയിതാവിന്റെ മികവ് നമ്മുക്ക് കാണിച്ചു തന്നപ്പോൾ സംവിധായകനായും കൂടി സച്ചി എന്ന മാന്ത്രികൻ വെള്ളിത്തിരയിൽ വരച്ചിട്ട വിസ്മയങ്ങളായിരുന്നു പൃഥ്വിരാജ് നായകനായ അനാർക്കലി, പൃഥ്വിരാജ്- ബിജു മേനോൻ ടീമിനെ വെച്ചൊരുക്കിയ അയ്യപ്പനും കോശിയും എന്നിവ. ഒരുപിടി വലിയ ചിത്രങ്ങളുടെ പണിപ്പുരയിലിരിക്കെയാണ് ഈ പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞത്. പറഞ്ഞു പൂർത്തിയാക്കാത്ത കഥകൾ ബാക്കി വെച്ച് സച്ചി വിട വാങ്ങുമ്പോൾ മലയാള സിനിമയ്ക്കു നഷ്ടമായത് ആധുനിക കാലഘട്ടത്തിലെ മലയാളം കണ്ട ഏറ്റവും മികച്ച രചയിതാവിനെയും ഒരു ഗംഭീര സംവിധായകനേയും.