നടി കീർത്തി സുരേഷ് വിവാഹിതയായി

Advertisement

മലയാളിയും പ്രശസ്ത തെന്നിന്ത്യൻ നായികാതാരവുമായ കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് കീർത്തിയുടെ വരൻ. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കു വെച്ചിട്ടുണ്ട്.

തമിഴ് സൂപ്പർതാരം ദളപതി വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിന്‍റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം വാർത്താമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആന്‍റണിയും കീര്‍ത്തിയും തമ്മിൽ പ്രണയത്തിലാണ്.

Advertisement

കൊച്ചി സ്വദേശിയായ ആന്റണിക്ക് കൊച്ചിയിലും ദുബായിലും ബിസിനസ്സ് ഉണ്ട്. ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവി കൂടിയാണ് ആന്റണി. മലയാളത്തിലെ പ്രശസ്ത സിനിമ നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച കീർത്തി, മോഹൻലാൽ- പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നായികതാരമായി അരങ്ങേറ്റം കുറിച്ചത്.

ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറിയ കീർത്തി, മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കി. നേനു ശൈലജ, രജനിമുരുകൻ, റെമോ, ഭൈരവ, നേനു ലോക്കൽ , സർക്കാർ, താനാ സേർന്ത കൂട്ടം എന്നിവയാണ് കീർത്തിയുടെ പ്രമുഖ അന്യഭാഷാ ചിത്രങ്ങൾ. ഇപ്പോൾ വരുൺ ധവാൻ നായകനായ ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close