
മലയാള സംഗീത ലോകത്തെ ഭാവ ഗായകൻ എന്നാണ് പി ജയചന്ദ്രൻ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം ദേശീയ അവാർഡുകളും ഒട്ടേറെ സംസഥാന അവാർഡുകളും നേടിയ ഗായകൻ ആണ്. 1960 കളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത ജീവിതം ഇപ്പോഴും തുടരുകയാണ്. മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിനൊപ്പം ചേർന്ന് മലയാള സംഗീത ലോകം ഒരുകാലത്തു ഭരിച്ചിരുന്ന ഗായകൻ ആണ് പി ജയചന്ദ്രൻ. അതുകൂടാതെ നടൻ എന്ന നിലയിലും ശ്രദ്ധേയമായ ചില വേഷങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ പുതിയ കാലത്തേ സംഗീത ലോകത്തെ പ്രവണതകളെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
പുതിയ കാലത്തും മികച്ച ഗാനങ്ങൾ ഉണ്ടാകുന്നുണ്ട് എങ്കിലും അവക്കൊന്നും വേണ്ട വിധത്തിൽ പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കുന്നില്ല എന്നാണ് ജയചന്ദ്രൻ പറയുന്നത്. പുതിയ കാലത്തേ ഗാനങ്ങൾ ചിത്രീകരിക്കുന്നതിൽ ഉള്ള അപാകത ആണ് അതിന്റെ പ്രധാന കാരണം എന്നും ജയചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. ഭാവഗീതം എന്ന പേരിൽ നടത്തിയ സംഗീത സന്ധ്യയുടെ ആമുഖമായി സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ഗാനങ്ങൾ മുൻകൂട്ടി റെക്കോർഡ് ചെയ്തു വെച്ച ശേഷം കാണികളുടെ മുന്നിൽ സ്റ്റേജിൽ കയറി ചുണ്ട് അനക്കുന്ന പ്രമുഖ ഗായകരേയും അദ്ദേഹം വിമർശിക്കുന്നു. ഈ പ്രവണത ഒട്ടും നല്ലതല്ല എന്നാണ് അദ്ദേഹം പറയുന്നത്. പറ്റിക്കൽ പാട്ടു എന്നാണിതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത്തരം പറ്റിക്കൽ പാട്ടിനു തന്നെ കിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അങ്ങനെ കാണികളെ പറ്റിക്കുന്ന ഗായകരെ സ്റ്റേജിൽ കേറി തല്ലണം എന്നും ജയചന്ദ്രൻ പറയുകയാണ്. ഓർക്കസ്ട്ര നേരത്തെ ഫീഡ് ചെയ്ത് വെച്ച് ഗായകൻ മാത്രം പാടുന്ന പരിപാടിക്ക് പോലും താൻ എതിരാണെന്നും ലൈവ് സംഗീതം ആണ് സത്യം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുമ്പോൾ തെറ്റുകൾ സംഭവിച്ചേക്കാം പക്ഷെ ആസ്വാദകർക്ക് മുന്നിൽ നേരിട്ട് പാടുകയാണ് വേണ്ടത് എന്നാണ് ജയചന്ദ്രന്റെ പക്ഷം.