മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായിരുന്ന പ്രതാപ് പോത്തൻ അന്തരിച്ചു. മരിക്കുമ്പോൾ എഴുപതു വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചെന്നൈയിലെ ഫ്ലാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ഏറെ പ്രശസ്തനാണ്. 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ആരവത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട്, ഭരതൻ തന്നെയൊരുക്കിയ തകര, ചാമരം എന്നീ ചിത്രങ്ങളിലൂടെയും വലിയ ശ്രദ്ധ നേടിയെടുത്തു. എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായി മാറിയ അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങളാണ് അഴിയാത്ത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ എന്നിവ.
ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയ മലയാള ചിത്രങ്ങളടക്കം മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലായി 12 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. മോഹൻലാൽ- ശിവാജി ഗണേശൻ കൂട്ടുകെട്ടിൽ അദ്ദേഹം സംവിധാനം ചെയ്ത ഒരു യാത്രാമൊഴി മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്ത, മലയാളത്തിലെ എവർഗ്രീൻ ചിത്രങ്ങളിലൊന്നായി മാറി. ഡെയ്സി എന്ന ചിത്രവും കാലത്തേ അതിജീവിച്ച ചിത്രമാണ്. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയ അദ്ദേഹം രണ്ടു തവണ വിവാഹിതനായിരുന്നു. 1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്ത അദ്ദേഹം, വിവാഹ മോചനത്തിന് ശേഷം, 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. ആ ബന്ധവും പിരിഞ്ഞ അദ്ദേഹത്തിന് അമലയിൽ കേയ എന്ന് പേരുള്ള ഒരു മകളുണ്ട്.