പ്രശസ്ത മലയാള സിനിമാ സംവിധായകനായ ബാബു നാരായണൻ ഇന്നലെ രാത്രി അന്തരിച്ചു. അൻപത്തിയൊൻപത് വയസ്സായിരുന്നു. തൃശൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. കുറച്ചു നാളുകളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം അനിൽ കുമാർ എന്ന സംവിധായകനോപ്പം അനിൽ- ബാബു എന്ന പേരിൽ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മാന്ത്രികച്ചെപ്പു, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ. പട്ടാഭിഷേകം തുടങ്ങിയ പോപ്പുലർ ചിത്രങ്ങൾ സംവിധാനം ചെയ്തത് ഈ ജോഡി ആണ്.
പതിനഞ്ചു വർഷം മുൻപ് റിലീസ് ചെയ്ത പറയാം എന്ന ചിത്രമാണ് ഇവർ ഒരുമിച്ചു സംവിധാനം ചെയ്ത അവസാന ചിത്രം. അതിനു ശേഷം ഒരു ഇടവേളയെടുത്ത ബാബു നാരായണൻ 2013 ഇൽ ടു നൂറ വിത്ത് ലവ് എന്ന ചിത്രവുമായി എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ജ്യോതി എന്നും മക്കളുടെ പേര് ദർശൻ, ശ്രാവണ എന്നുമാണ്. അദ്ദേഹത്തിന്റെ മകൾ ആയ ശ്രാവണ ഈ അടുത്തിടെ ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിന്പുറത്തു അച്യുതൻ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനേതാവ് ആയി അരങ്ങേറ്റം കുറിച്ചിരുന്നു.