പ്രശസ്ത ക്യാമറാമാൻ രാമചന്ദ്ര ബാബു അന്തരിച്ചു

Advertisement

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രമൊരുക്കി കൊണ്ടിരുന്ന സംവിധായകൻ രാമചന്ദ്ര ബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ച അദ്ദേഹത്തിന് എഴുപത്തിരണ്ട് വയസ്സായിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ ആയ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു പ്രൊഫസർ ഡിങ്കൻ എന്ന ത്രീഡി ചിത്രം. എൺപതു ശതമാനത്തോളം ഈ ചിത്രം പൂർത്തിയായി കഴിഞ്ഞപ്പോഴാണ് രാമചന്ദ്ര ബാബു വിട വാങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഛായാഗ്രാഹകരിൽ ഒരാളായിരുന്നു രാമചന്ദ്ര ബാബു. മലയാളം കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങൾക്കും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയിലെ മധുരന്തകത്താണ് അദ്ദേഹം ജനിച്ചത്. ചെന്നെ ലൊയോള കോളേജില്‍ നിന്ന് കെമിസ്ട്രിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ച അദ്ദേഹം പഠനം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ സുഹൃത്തും സഹപാഠിയും ആയ ജോൺ എബ്രഹാം ഒരുക്കിയ വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന ചിത്രത്തിലൂടെ ക്യാമറാമാൻ ആയി അരങ്ങേറ്റം കുറിച്ചു. 1971 ഇൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. എം ടി വാസുദേവൻ നായർ ആദ്യമായി ഒരുക്കിയ നിർമ്മാല്യത്തിനും കെ ജി ജോർജ് അരങ്ങേറ്റം കുറിച്ച സ്വപ്നാടനത്തിനും ക്യാമറ ചലിപ്പിച്ചതോടെ രാമചന്ദ്ര ബാബു മലയാള സിനിമയിലെ ഏറ്റവും പ്രശസ്തനായ ഛായാഗ്രാഹകരിൽ ഒരാളായി മാറി. 1977 ഇൽ റിലീസ് ചെയ്ത രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന കളർ ചിത്രത്തിലൂടെ രാമചന്ദ്ര ബാബു തന്റെ ആദ്യ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 1978 , 1980 , 1989 എന്നീ വർഷങ്ങളിൽ രതിനിർവേദം, ചാമരം, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം അദ്ദേഹത്തെ തേടിയെത്തി.

Advertisement

പി എന്‍ മേനോന്‍, ജോണ്‍ എബ്രഹാം, കെ ജി ജോര്‍ജ്ജ്, എം ടി വാസുദേവന്‍ നായര്‍, ഭരതന്‍, ഐവി ശശി, പി ജി വിശ്വംഭരന്‍, ലോഹിതദാസ് തുടങ്ങിയ ഇതിഹാസ സമാനരായ ചലച്ചിത്ര സംവിധായകർക്കൊപ്പമെല്ലാം ജോലി ചെയ്ത ഛായാഗ്രാഹകൻ ആയിരുന്നു രാമചന്ദ്ര ബാബു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ അലാവുദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചതും രാമചന്ദ്ര ബാബു ആയിരുന്നു. മലയാളത്തിലെ ആദ്യ 70 എം എം ചിത്രമായ പടയോട്ടത്തിനും ക്യാമറ ചലിപ്പിച്ചത് രാമചന്ദ്ര ബാബു ആണ്. ബന്ധനം, മേള, കോലങ്ങൾ, ആദാമിന്റെ വാരിയെല്ല്, അഗ്രഹാരത്തിൽ കഴുതൈ, ഇതാ ഇവിടെ വരെ, യവനിക, മർമരം, പകൽ നിലാവ്, ആധാരം, സല്ലാപം, ഗസൽ, കന്മദം, ബിയോണ്ട് ദി സോൾ, അൽ ബൂം തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ഈ പ്രതിഭ ആയിരുന്നു. പല ഭാഷകളിൽ ആയി 130 നു മുകളിൽ ചിത്രങ്ങളിൽ ആണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. അശോക് ആർ നാഥ് സംവിധാനം ചെയ്ത വെൺശംഖു പോൽ എന്ന ചിത്രമാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചു അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close