മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഛായാഗ്രാഹകരിൽ ഒരാൾ ആയിരുന്ന എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം ജെ രാധാകൃഷ്ണന്റെ അന്ത്യം. ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള ഛായാഗ്രാഹകൻ ആണ് അദ്ദേഹം. ഏറ്റവും കൂടുതൽ തവണ ഛായാഗ്രാഹകനുള്ള സംസ്‌ഥാന അവാർഡ് നേടിയത്തിന്റെ റെക്കോർഡും അദ്ദേഹത്തിന് സ്വന്തമാണ്. കമർഷ്യൽ ചിത്രങ്ങൾക്കു പകരം കൂടുതലും മലയാള സിനിമയിലെ സമാന്തര ചിത്രങ്ങൾക്കൊപ്പം സഞ്ചരിച്ച പ്രതിഭയാണ് വിട വാങ്ങിയത് എന്നു പറയാം.
വീട്ടിലേക്കുള്ള വഴി, ദേശാടനം, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം, കളിയാട്ടം, അടയാളങ്ങൾ, ഒറ്റക്കയ്യൻ, ബയോസ്കോപ്പ് എന്നീ ചിത്രങ്ങളിലൂടെയൊക്കെ അദ്ദേഹം തന്റെ പ്രതിഭ നമ്മുക്ക് കാണിച്ചു തന്നിട്ടുണ്ട്. 75 ഇൽ അധികം ചിത്രങ്ങൾക്ക് കാമറ ചലിപിച്ചിട്ടുള്ള അദ്ദേഹം നിരവധി ഡോകുമെന്ററികൾക്കും ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷാജി എൻ കരുണ്, അടൂർ ഗോപാലകൃഷ്ണൻ, ടി വി ചന്ദ്രൻ തുടങ്ങിയ പ്രഗത്ഭരായ സംവിധായകർക്കോപ്പം പ്രവർത്തിച്ചിട്ടുള്ള എം ജെ രാധാകൃഷ്ണൻ വിട വാങ്ങിയത് മലയാള ചലച്ചിത്ര ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയാണ്.