
1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇടയിൽ ഏറെ പ്രശസ്തയായ നടി ശ്രിന്ദ ഇന്ന് വിവാഹിതയായി. ശ്രിന്ദയുടെ രണ്ടാം വിവാഹം ആണ് ഇന്ന് നടന്നത്. യുവ സംവിധായകനായ സിജു എസ് ബാവയെയാണ് ശ്രിന്ദ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് സംബന്ധിച്ചത്. പ്രശസ്ത താരം നമിത പ്രമോദ് ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ശ്രിന്ദക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു. യുവ താരം ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്ന ചിത്രം ഒരുക്കിയിട്ടുള്ള സംവിധായകനാണ് സിജു എസ് ബാവ.

ശ്രിന്ദയുടെ ആദ്യ വിവാഹത്തിൽ അവർക്കൊരു മകനുണ്ട്. പത്തൊൻപതാം വയസ്സിൽ വിവാഹം കഴിച്ച ശ്രിന്ദ നാല് വർഷത്തിന് ശേഷം വിവാഹ മോചനം നേടുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു വിവാഹ മോചനം എന്നും ആ പ്രതിസന്ധി സമയത്തെല്ലാം തനിക്കു കരുത്തു പകർന്നത് തന്റെ മകന്റെ സാന്നിധ്യം ആണെന്നും ശ്രിന്ദ പറഞ്ഞിട്ടുണ്ട്. ഫോർ ഫ്രണ്ട്‌സ്എന്ന ചിത്രത്തിലൂടെ എട്ടു വർഷം മുൻപേ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രിന്ദ ഇതിനോടകം നായിക ആയും സ്വഭാവ നടി ആയും കോമഡി വേഷങ്ങളിലുമെല്ലാം ഒരുപാട് തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളായ ശ്രിന്ദയെ തേടി അവാർഡുകളും എത്തിയിട്ടുണ്ട്. 22 ഫീമെയ്ൽ കോട്ടയം, അന്നയും റസൂലും, തട്ടത്തിൻ മറയത്, 101 വെഡിങ്സ്, 1983 , ആര്ടിസ്റ്, 24 നോർത്ത് കാതം, ഹോംലി മീൽസ്, ഹാപ്പി ജേർണി, ടമാർ പടാർ, കുഞ്ഞി രാമായണം, ടൂ കൺഡ്രീസ്, ആട്, അമർ അക്ബർ അന്തോണി, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് ശ്രിന്ദയുടെ പ്രധാന ചിത്രങ്ങൾ.