മലയാള സിനിമ പ്രേക്ഷകർക്കു ഏറെ പരിചിതയായ നടിയാണ് ഗീത. സുഖമോ ദേവി, പഞ്ചാഗ്നി, അമൃതം ഗമയ , അഭിമന്യു, വൈശാലി, ഒരു വടക്കൻ വീരഗാഥ, ഇന്ദ്രജാലം, ലാൽ സലാം, തലസ്ഥാനം, ഏകലവ്യൻ, വാത്സല്യം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ നടി. മോഹൻലാലും മമ്മൂട്ടിയുമൊത്തു ഒട്ടറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായ ഈ നടി, തമിഴ്, തെലുങ്കു, കന്നഡ , ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഗീത മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി മാർത്താണ്ഡൻ ഒരുക്കിയ ജോണി ജോണി യെസ് അപ്പാ എന്ന ചിത്രത്തിലൂടെയാണ് ഗീത മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നതു. ദുൽഖർ സൽമാൻ നായകനായ സലാല മൊബൈൽസ് എന്ന ചിത്രത്തിൽ ആണ് നാല് വർഷം മുൻപേ അവസാനമായി ഗീത മലയാളത്തിൽ അഭിനയിച്ചത്.
ജോണി ജോണി യെസ് അപ്പായിൽ കുഞ്ചാക്കോ ബോബന്റെ അമ്മയായി വളരെ നിർണ്ണായകമായ ഒരു വേഷമാണ് ഗീത ചെയ്യുന്നത്. വെള്ളിമൂങ്ങ എന്ന സൂപ്പർ വിജയ ചിത്രം രചിച്ച ജോജി തോമസ് തിരക്കഥ എഴുതിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. വരുന്ന ഇരുപത്തിയാറാം തീയതി പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇതിലെ വീഡിയോ സോങ്ങും ഹിറ്റായി മാറിയത് ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, ഗീത എന്നിവർക്ക് പുറമെ മമത മോഹൻദാസ്, അനു സിതാര, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, കലാഭവൻ ഷാജോൺ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ, നെടുമുടി വേണു, ലെന, ടിനി ടോം, മേഘനാഥൻ, നിർമ്മൽ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.