വീണ്ടും സംവിധാനം ചെയ്യാൻ സോഹൻ സീനുലാൽ

Advertisement

പ്രശസ്ത നടനും സംവിധായകനുമായ സോഹൻ സീനുലാൽ ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധായകനായി എത്തുകയാണ്. 2011 ലാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി, നദിയ മൊയ്തു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഡബിൾസ് എന്ന ചിത്രമായിരുന്നു സോഹൻ സീനുലാലിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം. അതിനു ശേഷം 2016 ഇൽ അപർണ്ണ നായർ പ്രധാന വേഷം ചെയ്ത വന്യം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഒരു നടനായും ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി നായകനായ ചിത്രങ്ങളിലാണ് സോഹൻ സീനുലാൽ കൂടുതലായി അഭിനയിച്ചതെന്ന പ്രത്യേകതയുമുണ്ട്. പുതിയ നിയമം, തോപ്പിൽ ജോപ്പൻ, ദി ഗ്രേറ്റ് ഫാദർ, പുത്തൻ പണം, പുള്ളിക്കാരൻ സ്റ്റാറ, സ്ട്രീറ്റ് ലൈറ്റ്‌സ്, പരോൾ, അബ്രഹാമിന്റെ സന്തതികൾ, ഒരു കുട്ടനാടൻ ബ്ലോഗ്, ഉണ്ട, ദി പ്രീസ്റ്റ് എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ സോഹൻ സീനുലാൽ അഭിനയിച്ചു. ഇപ്പോഴിതാ തന്റെ പുത്തൻ സംവിധാന സംരംഭവുമായി എത്തുകയാണ് സോഹൻ സീനുലാൽ.

ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ്‌ , ജാഫർ ഇടുക്കി, ആരാദ്യ ആൻ , മേഘ തോമസ്‌ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകുന്നേരം ഏഴു മണിക്കാണ് റിലീസ് ചെയ്യുന്നത്. മുഹാദ്‌ വെമ്പായം തിരക്കഥ രചിച്ച ഈ ചിത്രം ബെസ്റ്റ്‌ വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ്‌ ഷാജിയാണ് നിർമ്മിക്കുന്നത്. കാബൂളിവാല എന്ന സിദ്ദിഖ്- ലാൽ സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമയിൽ എത്തിയ സോഹൻ സീനുലാൽ, പിന്നീട് വൺമാൻ ഷോ എന്ന ഷാഫി- ജയറാം ചിത്രത്തിൽ സഹ സംവിധായകനായും ജോലി ചെയ്തിട്ടുണ്ട്. എബ്രിഡ് ഷൈൻ ഒരുക്കിയ ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് സോഹൻ സീനുലാൽ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close