‘പൂമരം’ കഴിഞ്ഞ് ‘എല്ലാം ശരിയാകും’; മലയാളസിനിമാരംഗത്തെ പുതിയ പ്രതീക്ഷ ‘നിർമ്മാതാവ് ഡോ.പോൾ വർഗ്ഗീസ്’

Advertisement

മലയാള സിനിമയിലേക്ക് വളരെ വ്യത്യസ്തമായ ഒരു ചിത്രം സമ്മാനിച്ചു കൊണ്ട് എത്തിയ നിർമ്മാതാവ് ആണ് ഡോക്ടർ പോൾ വർഗീസ്. 2018ൽ റിലീസ് ചെയ്ത ‘പൂമരം’ എന്ന ക്യാമ്പസ് സിനിമ നിർമ്മിച്ചു കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. കാളിദാസ് ജയറാമിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ നേടിയെടുത്തിരുന്നു. മലയാള സിനിമ ഇന്ന് വരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമായി ആണ് പൂമരം ഒരുക്കിയത്. എറണാകുളം പട്ടിമറ്റം സ്വദേശിയായ അദ്ദേഹം ഒരു ഡോക്ടർ എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക സേവനം തുടരുമ്പോൾ തന്നെയാണ് മികച്ച സിനിമകൾ നിർമ്മിക്കണമെന്ന ആഗ്രഹവുമായി മലയാള സിനിമയിലേക്കും കാലെടുത്തു വെച്ചത്. തന്റെ ചെറുപ്പം മുതൽക്കേ തന്നെ സിനിമയെ വളരെ ഗൗരവ മനോഭാവത്തോടെ നിരീക്ഷിക്കുകയും വിലയിരുത്തുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അദ്ദേഹം ഈ അഭിനിവേശം കാരണമാണ് സിനിമാ ലോകത്തേക്ക് എത്തിച്ചേർന്നത്. നല്ല സിനിമകളെ എപ്പോഴും ആരാധിക്കുന്ന യഥാർത്ഥ സിനിമാസ്വാദകന്റെ മനോഭാവം കാത്തുസൂക്ഷിക്കുന്ന ഡോക്ടർ പോൾ വർഗീസ്, താര കേന്ദ്രീകൃതമായ സിനിമകൾ ലക്ഷ്യമിടാതെ, പ്രത്യേക മാനദണ്ഡങ്ങളാൽ സിനിമയ്ക്കു അതിരുകൾ സൃഷ്ടിക്കാതെ, മികച്ച കലാസൃഷ്ടികൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് നിർമ്മാണ രംഗത്തേക്ക് വന്നു ചേർന്നത്.

സംവിധായകനായ എബ്രിഡ് ഷൈനുമായുള്ള സൗഹൃദമാണ് പൂമരം എന്ന ചിത്രം നിർമ്മിച്ച് കൊണ്ട് അരങ്ങേറ്റം കുറിക്കാൻ പോൾ വർഗീസിനെ പ്രേരിപ്പിച്ചത്. ഒപ്പം വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന ഉദ്ദേശവും. തീയേറ്ററിൽ ഒരു സൂപ്പർ വിജയം നേടാൻ കഴിഞ്ഞില്ല എങ്കിലും പൂമരം എന്ന നല്ല ചിത്രത്തിന്റെ നിർമ്മാതാവ് എന്ന ശ്കതമായ ഒരു ഐഡന്റിറ്റി മലയാള സിനിമയിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഇപ്പോഴിതാ, അദ്ദേഹം നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘എല്ലാം ശരിയാകും’ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. ആസിഫ് അലി നായകനായി എത്തുന്ന ഈ ചിത്രം  രാഷ്ട്രീയ സാഹചര്യങ്ങളും കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കി കഥ പറയുന്ന ഒന്നാണ്. വെള്ളി മൂങ്ങ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഷാരിസ് ആണ്. രജിഷാ വിജയൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഔസേപ്പച്ചനും കാമറ ചലിപ്പിച്ചത് ശ്രീജിത്ത് നായരുമാണ്. സെപ്റ്റംബർ 17 നു ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. 

Advertisement

ആന്റണി വർഗീസ് നായകനാകുന്ന ‘മേരി ജാൻ’ എന്ന സിനിമയായിരിക്കും ഡോക്ടർ പോൾ വർഗീസ് നിർമ്മിച്ച് വരാൻ പോകുന്ന മൂന്നാമത്തെ ചിത്രം. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ഈ ചിത്രത്തിന് ശേഷം, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ സംവിധായകൻ ഗിരീഷ് എ.ഡി ‘സൂപ്പർ ശരണ്യ’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് പോൾ വർഗീസ് നിർമ്മിക്കാൻ പോകുന്നത്. ഇത് കൂടാതെ ആദ്യ സിനിമയുടെ സംവിധായകൻ എബ്രിഡ് ഷൈനുമായി ചേർന്ന് മറ്റൊരു ചിത്രവും,  അതോടൊപ്പം മറ്റു പ്രൊജക്റ്റുകളും അദ്ദേഹം നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. ഒരു സിനിമ നിർമ്മിച്ച് നിർമ്മാതാവ് എന്ന പേര് നേടി പോകാനല്ല പോൾ വർഗീസ് എന്ന സിനിമാ സ്‌നേഹി എത്തിയിരിക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഏറെ ആവേശത്തോടെയും പ്രതീക്ഷകളോടെയും അദ്ദേഹം അതിനു ശ്രമിക്കുമ്പോൾ മലയാള സിനിമയ്ക്കു തന്നെ ആ ചിത്രങ്ങൾ ഒരു മുതൽക്കൂട്ടായി മാറുമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close