
ജനപ്രിയ നായകൻ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്നു. ഇന്നാണ് ആ ചിത്രത്തിന്റെ പൂജ നടന്നത്. അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങിൽ താരമായത് ദിലീപും മകൾ മീനാക്ഷിയും ആണ്. അച്ഛന്റെയും മകളുടെയും ചുറ്റുമായിരുന്നു പൂജ ചടങ്ങ് കവർ ചെയ്യാൻ എത്തിയ ക്യാമറാ കണ്ണുകൾ. ഹരിശ്രീ അശോകൻ, സാദിഖ്, നന്ദു പൊതുവാൾ, ആൽവിൻ ആന്റണി എന്നിവരും പൂജ ചടങ്ങിൽ പങ്കെടുത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ സിനിമയുടെ നിര്‍മ്മാണം നിർവഹിക്കപ്പെടുന്നത്. ചിത്രത്തിന്റെ താര നിരയെ കുറിച്ചും മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങൾ ഉടനെ തന്നെ പുറത്തു വിടും.
സന്തോഷ് ഏച്ചിക്കാനം തിരക്കഥ രചിച്ച ഞാന്‍ സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും, ചന്ദ്രേട്ടന്‍ എവിടെയാ, നിദ്ര എന്നീ ചിത്രങ്ങള്‍ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾ ആയിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം ആണിത്. സി ഐ ഡി മൂസ എന്ന ചിത്രം 2003 ഇൽ നിർമ്മിച്ചു കൊണ്ടാണ് ഗ്രാൻഡ് പ്രൊഡക്ഷൻസ് രംഗത്ത് വരുന്നത്. പിന്നീട് റൺവേ, കഥാവശേഷൻ, പാണ്ടിപ്പട, ട്വെന്റി ട്വെന്റി, മലർവാടി ആർട്‌സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങളും ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിച്ചു. ദിലീപും അനുജൻ അനൂപും ചേർന്നാണ് ഈ നിർമ്മാണ കമ്പനി ആരംഭിച്ചത്.