മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിനാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ ഈ മൾട്ടിസ്റ്റാർ ചരിത്ര സിനിമ ബോക്സ് ഓഫീസിലും വമ്പൻ ഹിറ്റായിക്കഴിഞ്ഞു. ഇതിനോടകം 400 കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്. അത് കൂടാതെ തന്നെ തമിഴ്‌നാട്ടിൽ ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ് പൊന്നിയിൻ സെൽവൻ. തല അജിത് നായകനായ വിശ്വാസം, രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 എന്നിവയുടെ തമിഴ്നാട് ഗ്രോസ് മറികടന്ന ഈ ചിത്രം അവിടെ നിന്ന് മാത്രം 150 കോടിയോളമാണ് ഇതിനോടകം കളക്ഷൻ നേടിയെടുത്തത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 190 കോടിയോളം കളക്ഷൻ നേടിയ കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രമായ വിക്രമാണ് ഇപ്പോൾ തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രം. വിക്രമിന്റെ തമിഴ്നാട് ഗ്രോസ് മറികടന്ന് പൊന്നിയിൻ സെൽവൻ പുതിയ തമിഴ് ഇൻഡസ്ട്രി ഹിറ്റായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
തമിഴ്‌നാട്ടിൽ നിന്നും ആദ്യമായി 200 കോടി ഗ്രോസ് നേടുന്ന ചിത്രമായ മാറാനുള്ള സുവർണ്ണാവസരവും പൊന്നിയിൻ സെൽവന് മുന്നിലുണ്ട്. മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രം, 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് കാണിച്ചു തരുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യും. വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.