വമ്പൻ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഇപ്പോൾ തമിഴിലെ പുതിയ ചരിത്രമായി മാറുകയാണ്. തമിഴ് നാട്ടിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നും ആദ്യമായി 200 കോടി കളക്ഷൻ നേടുന്ന ചിത്രവുമായി മാറി. ആഗോള ഗ്രോസ് ആയി 450 കോടിയോളം നേടിയ പൊന്നിയിൻ സെൽവൻ അഞ്ഞൂറ് കോടി ഗ്രോസ് നേടുന്ന തമിഴ് ചിത്രമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയ ഈ ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രമായ വിക്രമിനെ തകർത്താണ് പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. 190 കോടിയോളമാണ് വിക്രം അവിടെനിന്നു നേടിയ കളക്ഷൻ.
രണ്ടു ഭാഗങ്ങളായി ഒരുക്കിയ ഈ ചരിത്ര സിനിമ നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ്. വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം കൽക്കി കൃഷ്ണമൂർത്തി എഴുതിയ പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷമാണ് ഇതിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.