കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്ത് വളരെയധികം ഊർജിതമായ രീതിയിൽ തന്നെ നടക്കുകയാണ്. ലോക്ക് ഡൗണായ അവസ്ഥയിൽ രാജ്യത്തെ സിനിമാ രംഗം പൂർണമായും നിശ്ചലമാണെങ്കിലും സിനിമാ രംഗത്തെ പ്രമുഖ താരങ്ങൾ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി സർകക്കാരിനൊപ്പമുണ്ട്. തമിഴ് സിനിമയിലെ ഒരുപാട് താരങ്ങൾ തമിഴ് നാടിന് സഹായവുമായി എത്തിയിരുന്നു. അതിലൊരാളാണ് ദളപതി വിജയ്. അഞ്ചു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടിയും അതുപോലെ ഫെഫ്‌സി, പ്രധാന മന്ത്രിയുടെ ഫണ്ട്, പോണ്ടിച്ചേരി സർക്കാർ എന്നിവർക്കും വിജയ് സഹായ ധനം പ്രഖ്യാപിച്ചിരുന്നു. എല്ലാവർക്കും കൂടി ഒരു കോടി മുപ്പതു ലക്ഷമാണ് വിജയ് നൽകിയത്. അത് കൂടാതെ ഫാൻസ് അസോസിയേഷനുകൾ വഴി സഹായമെത്തിക്കാൻ അവർക്ക് വേറെയും പണം നൽകിയിട്ടുണ്ട് വിജയ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇപ്പോഴിതാ വിജയ്ക്ക് അഭിനന്ദവുമായി എത്തിയിരിക്കുകയാണ് പോണ്ടിച്ചേരി മുഖ്യമന്ത്രി ആയ എൻ നാരായണ സ്വാമി. അദ്ദേഹം പുറത്തിറക്കിയ പുതിയ വീഡിയോയിൽ ആണ് ദളപതി വിജയ്ക്ക് അഭിനന്ദനം നൽകുന്നത്. വിജയ് നൽകിയത് പോലെ മറ്റു തമിഴ് സിനിമാ താരങ്ങളും ധന സഹായം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്. അഞ്ചു ലക്ഷം രൂപയാണ് വിജയ് പോണ്ടിച്ചേരിക്കു നൽകിയത്. വിജയ് കൂടാതെ തല അജിത്, സൂര്യ, കാർത്തി, രജനികാന്ത്, കമൽ ഹാസൻ, പ്രകാശ് രാജ്, രാഘവ ലോറൻസ് എന്നിവരും സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. മലയാള സിനിമയിൽ നിന്ന് കേരളത്തിന് സഹായവുമായി എത്തിയത് അൻപത് ലക്ഷം രൂപ നൽകിയ മോഹൻലാൽ ആണ്. അത് കൂടാതെ അല്ലു അർജുൻ, വിജയ് എന്നിവരും കേരളത്തിന് ധന സഹായം നൽകിയിട്ടുണ്ട്. മലയാള സിനിമയിലെ ദിവസ വേതനക്കാർക്കു സഹായമെത്തിക്കാനുള്ള ഫെഫ്കയുടെ ഫണ്ടിലേക്ക് പണം നൽകിയ താരങ്ങൾ മോഹൻലാൽ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി എന്നിവർ മാത്രമാണ്.