
നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത പടവെട്ട് വളരെ പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്ത് കൊണ്ടാണ് പ്രേക്ഷകരുടെ കയ്യടികളേറ്റു വാങ്ങുന്നത്. ചില സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ വ്യത്യസ്ത രീതികളിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത മണ്ണിന്റെ രാഷ്ട്രീയമാണ് ഇതിലും ചർച്ച ചെയ്യുന്നത്. അസുരൻ, കർണ്ണൻ, കത്തി തുടങ്ങിയ തമിഴ് സിനിമകൾ കർഷകന്റെയും ഗ്രാമീണ ജീവിതങ്ങളുടെയും നേർചിത്രം വരച്ചുകാട്ടി കൊണ്ടാണ് രാഷ്ട്രീയം സംസാരിച്ചതും വിജയം നേടിയതും. പടവെട്ടും അത് തന്നെയാണ് ചെയ്യുന്നത്. സമൂഹത്തിൽ നിന്നും മാറി നില്ക്കുന്ന ആയിരങ്ങളുടെ പ്രതിനിധിയായാണ് നിവിൻ പോളി അവതരിപ്പിക്കുന്ന രവി എന്ന കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. സ്വന്തമായി ഒരു പദ്ധതിയില്ലാത്ത രവി, മറ്റുള്ളവരുടെ പദ്ധതിയുടെ ഭാഗമാകുകയാണ് താനും തന്റെ ജീവിതവുമെന്ന് തിരിച്ചറിയുന്നിടത്ത് നിന്നാണ് ഈ കഥ മുന്നോട്ടു പോകുന്നത്.
നമ്മുടെ മണ്ണ് നമ്മൾക്ക്, നമ്മുടെ വയൽ നമ്മൾക്ക് എന്ന് സിനിമയിലെ കഥാപാത്രം വിളിച്ചു പറയുമ്പോൾ പ്രേക്ഷകനും അതിനൊപ്പം ഉറക്കെ വിളിച്ചു പറയാൻ തോന്നിക്കുന്നിടത്താണ് പടവെട്ട് വിജയം നേടുന്നതെന്നു പറയാം. ആ രാഷ്ട്രീയം മലയാളികളും ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത് പടവെട്ടിന്റെ വിജയം നൽകുന്ന സൂചന കൂടിയാണ്. അടുത്തകാലത്ത് നടന്ന കർഷക സമരം വരെ പറഞ്ഞു പോകുന്ന ഈ ചിത്രം, രാഷ്ട്രീയത്തെ കൂടുതൽ സങ്കീര്ണമാക്കാതെ പറയുന്നത് പ്രേക്ഷകർക്ക് ആശ്വാസമാകുന്നുണ്ട്. കൃത്യമായ രാഷ്ട്രീയ ബിംബംങ്ങൾ ഉപയോഗിച്ചതിലും ഈ ചിത്രം വിജയം കണ്ടിട്ടുണ്ട്. കോറോത്ത് രവിയായി നിവിനും നേതാവ് കുയ്യാലിയായി ഷമ്മി തിലകനും പുഷ്പയായി രമ്യ സുരേഷും വമ്പൻ കയ്യടി നേടുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഗോവിന്ദ് വസന്ത ഒരുക്കിയ ഇതിന്റെ അതിഗംഭീരമായ പശ്‌ചാത്തല സംഗീതമാണ്. ചിത്രം സഞ്ചരിക്കുന്നത് പോലെ തന്നെ പതിയെ തുടങ്ങി ആളി പടരുകയാണ് ഈ ചിത്രം പങ്ക് വെക്കുന്ന രാഷ്ട്രീയവും.