മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ കൈനിറയെ വമ്പൻ ചിത്രങ്ങളുമായി തിരക്കിലാണ്. നടനായും സംവിധായകനായും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഇപ്പോഴിതാ ഓണം പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. അതിലൊന്നാണ് തന്റെ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ. രാഷ്ട്രീയം തന്റെ പണിയല്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മോഹൻലാൽ പറയുന്നു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് താൻ സഹകരിക്കാറുണ്ടെന്നും അവയിലൂടെ സഞ്ചരിക്കുന്നതിനും കുഴപ്പമില്ലെന്നും മോഹൻലാൽ പറയുന്നു. എല്ലാ പാർട്ടിയിലും തനിക്കു വേണ്ടപ്പെട്ടവർ ഉണ്ടെന്നും, എന്നാൽ ഒരിക്കലും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കാൻ താല്പര്യവുമില്ല, തനിക്കതിനെ കുറിച്ച് അറിവുമില്ലെന്നും മോഹൻലാൽ പറയുന്നു. കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണമെന്നും, രാഷ്ട്രീയം തനിക്കൊരിക്കലും താല്പര്യം തോന്നാത്ത മേഖലയാണെന്നും മോഹൻലാൽ പറയുന്നു.
തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു എന്നും ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങളെ പേടിച്ചോ ജീവിക്കാൻ പറ്റില്ലായെന്നും മോഹൻലാൽ പറയുന്നു. നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് അംഗീകരിക്കാം ഒരു മടിയുമില്ലെന്നും, എന്നാൽ അത് തെറ്റാണെന്ന ബോധ്യം നമ്മുക്ക് കൂടി വരുമ്പോഴാണ് അംഗീകരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. വിമർശനങ്ങളെ പേടിക്കാറില്ലെന്നും അവക്ക് അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം നല്കാറില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. അത് തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ പിന്നെ അതിനു മാത്രമേ സമയം കാണു എന്നാണ് മോഹൻലാൽ വിലയിരുത്തുന്നത്. എലോൺ, മോൺസ്റ്റർ, ബറോസ്, റാം, എംപുരാൻ, ഋഷഭ, ദൃശ്യം 3 എന്നിവയൊക്കെയാണ് ഇനി വരാനുള്ള മോഹൻലാൽ ചിത്രങ്ങൾ.