പ്രേക്ഷകരുടെ മനസ്സിൽ ആവേശം നിറച്ചു കൊണ്ടും ബോക്സ് ഓഫീസിൽ മണി കിലുക്കം മുഴക്കി കൊണ്ടും സണ്ണി വെയ്ൻ നായകനായി എത്തിയ പോക്കിരി സൈമൺ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ പോക്കിരി സൈമൺ ഒരു മാസ്സ് കോമഡി എന്റെർറ്റൈനെർ ആണ്. ഒരു പറ്റം വിജയ് ആരാധകരുടെ കഥ പറയുന്ന ഈ ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത് സൈമൺ എന്ന കടുത്ത വിജയ് ആരാധകനായ യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് ആണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കുന്ന ചില ബുദ്ധിജീവികൾക്കെതിരെ സംവിധായകൻ ജിജോ ആന്റണി തന്റെ ഫേസ്ബുക് പോസ്റ്റും ആയി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഒമർ ലുലുവും പോക്കിരി സൈമണിനെ പിന്തുണച്ചു രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം താൻ പോക്കിരി സൈമൺ കണ്ടു എന്നും ഒരുപാട് ഇഷ്ടമായെന്നും തന്റെ ഫേസ്ബുക് പേജിൽ കുറിച്ച ഒമർ ലുലു ചിത്രം ഹൗസ്ഫുൾ ആയിരുന്നു എന്നും സൂചിപ്പിച്ചു. അതുപോലെ തന്നെ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിച്ചു ഈ ചിത്രം തകർക്കാൻ നോക്കിയവരോട് പോയി വേറെ പണി നോക്കിക്കോളാനും ഒമർ ലുലു തന്റേതായ ഭാഷയിൽ രസകരമായി പറഞ്ഞിട്ടുണ്ട്.
ഒമർ ലുലുവിന്റെ ചങ്ക്‌സ് എന്ന ചിത്രം വന്നപ്പോഴും ഇതുപോലെ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിച്ചു ആ ചിത്രത്തെ തകർക്കാൻ പലരും ശ്രമിച്ചു എങ്കിലും അതിനെയെല്ലാം കാറ്റിൽ പറത്തി ചങ്ക്‌സ് വലിയ വിജയം നേടിയിരുന്നു. ആ പാതയിലാണ് പോക്കിരി സൈമണിന്റെയും പോക്ക്.
ഡോക്ടർ കെ അമ്പാടി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ, പ്രയാഗ മാർട്ടിൻ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ ആണ്. വിമർശകരോട് ഈ ചിത്രത്തിന്റെ പേര് ശരിക്കു വായിച്ചിട്ടു പോയി പടം കണ്ടാൽ മതി എന്നാണ് ജിജോ ആന്റണി പറഞ്ഞത്. അത്യപൂർവ്വ കലാസൃഷ്ടി എന്നൊന്നും അവകാശപ്പെടുന്നില്ല തന്റെ ചിത്രത്തെ എന്നും , പക്ഷെ സാധാരണക്കാരായ പ്രേക്ഷകർക്ക് രസിച്ചു കാണാവുന്ന എല്ലാം ചിത്രത്തിൽ ഉണ്ടെന്നും ജിജോ പറഞ്ഞിരുന്നു.