അഭിനയം നിർത്താൻ ആയിരുന്നു തീരുമാനം; എന്നാൽ ആ വിളി എല്ലാ തീരുമാനവും മാറ്റാൻ കാരണമായി; കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു..!

Advertisement

മലയാളത്തിന്റെ യുവ താരമായ കാളിദാസ് ജയറാം ഇപ്പോൾ തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ആന്തോളജി ചിത്രത്തിൽ സുധ കൊങ്ങര ഒരുക്കിയ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് ജയറാം പ്രധാന വേഷം ചെയ്തത്. ഇതിലെ സത്താർ എന്ന് പേരുള്ള ട്രാൻസ്‌ജെൻഡർ കഥാപാത്രമായാണ് കാളിദാസ് ജയറാം അഭിനയിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സുധ കൊങ്ങരയുടെ വിളിയാണ് തന്റെ ജീവിതത്തിലെ നിർണ്ണായകമായ പല തീരുമാനങ്ങളും മാറാൻ കാരണമായത് എന്ന് വെളിപ്പെടുത്തുകയാണ് കാളിദാസ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി സുധാ കൊങ്കാര, വിഗ്‌നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ ചേർന്നാണ് പാവ കഥൈകൾ എന്ന ആന്തോളജി ചിത്രം ഒരുക്കിയത്. സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് ഇതിലെ തങ്കം എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു കൊണ്ട് സുധ കൊങ്കാരയുടെ ഫോണ്‍ കോള്‍ വന്നതെന്ന് കാളിദാസ് ജയറാം പറയുന്നു.

സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണങ്കെിലും കഥ കേള്‍ക്കാമെന്ന് താൻ സുധ കൊങ്ങരയോട് പറഞ്ഞെന്നും അങ്ങനെ കഥ കേട്ട് കഴിഞ്ഞപ്പോൾ പാവ കഥൈകള്‍ ചെയ്യാൻ തീരുമാനിച്ചെന്നും കാളിദാസ് വെളിപ്പെടുത്തി. ശരവണന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സുധ കൊങ്കാര തന്നെ ആദ്യം സമീപിച്ചത് എന്നും, പിന്നീട് സത്താർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിലും തമിഴിലുമുള്ള നടന്‍മാര്‍ തയ്യാറാവാതെ വന്നപ്പോൾ ആ വേഷം തന്നെ ഏൽപ്പിക്കുകയിരുന്നു എന്നും കാളിദാസ് മാധ്യമ അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രീകരണം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷമാണ് സത്താർ എന്ന കഥാപാത്രത്തിൽ നിന്നും തനിക്കു പൂർണ്ണമായും മുക്തനാവാൻ സാധിച്ചതെന്നും കാളിദാസ് പറയുന്നു. ഇത് കൂടാതെ പുത്തൻ പുതു കാലൈ, ഒരു പക്കാ കഥൈ എന്നീ തമിഴ് ചിത്രങ്ങളും ഈ വർഷം കാളിദാസ് അഭിനയിച്ചു റിലീസ് ചെയ്തിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close