മോഹൻലാലിന്റെ ബറോസിന് സംഗീതമൊരുക്കാൻ ഇന്ത്യൻ നിധി ലിഡിയൻ നാദസ്വരം..!

Advertisement

സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ വരെ ഇന്ത്യയുടെ നിധി എന്ന് വിശേഷിപ്പിച്ച ലിഡിയൻ നാദസ്വരം എന്ന കുട്ടിപ്രതിഭ മലയാളത്തിൽ എത്തുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു കൊണ്ടാണ് ലിഡിയൻ നാദസ്വരം മലയാളത്തിൽ എത്തുന്നത്. വെറും പതിമൂന്നു വയസ്സ് മാത്രമുള്ള തമിഴ്നാട് സ്വദേശിയായ ലിഡിയൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതിനായി കൊച്ചിയിൽ എത്തി കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ഈ മോഹൻലാൽ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലിഫോർണിയയിൽ നടന്ന സി ബി എസ് ഗ്ലോബൽ ടാലെന്റ്റ് ഷോ ആയ വേൾഡ്’സ് ബെസ്റ്റിൽ ഒന്നാം സമ്മാനം നേടിയ ലിഡിയൻ പിയാനോ മാന്ത്രികൻ എന്നാണ് അറിയപ്പെടുന്നത്.

തമിഴ് സംഗീത സംവിധായകൻ ആയ വർഷൻ സതീഷിന്റെ മകനായ ലിഡിയൻ തബലയും മൃദങ്കവും നന്നായി വായിക്കും. ഒരേ സമയം രണ്ടു പിയാനോയിൽ വ്യത്യസ്ത നോട്ടുകൾ വായിച്ചു വിസ്മയിപ്പിക്കുന്ന ലിഡിയൻ കണ്ണ് കെട്ടി പിയാനോ വായിച്ചും കാണികളെ ഞെട്ടിച്ചിട്ടുണ്ട്. ലോക സംഗീതജ്ഞരുടെ പ്രിയങ്കരനായ ലിഡിയനെ പ്രതിഭയെ കുറിച്ച് കേട്ടറിഞ്ഞ മോഹൻലാൽ തന്റെ ചിത്രത്തിന് സംഗീതം ഒരുക്കാൻ ലിഡിയനെ ക്ഷണിക്കുകയായിരുന്നു. മോഹൻലാലും ഒരു കുട്ടിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ തുടങ്ങും എന്നാണ് വിവരം. ബറോസ് തുടങ്ങിയാൽ അതിന്റെ റിലീസ് വരെ മോഹൻലാൽ മറ്റു ചിത്രങ്ങൾക്ക് ഡേറ്റ് നൽകില്ല എന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close