ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അതുപോലെ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറിയ അരുൺ ഗോപി ഒരുക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പുലി മുരുകനും, രാമലീലക്കും ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രണവ് മോഹൻലാലിന്റെ സർഫിങ് രംഗങ്ങൾക്കു ഒപ്പം ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു ട്രെയിൻ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്.
പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവി ആയാണ് ഒരുക്കിയിരിക്കുന്നത്. റൊമാന്റിക് ആക്ഷൻ ത്രില്ലർ ആണെന്നും ഈ ചിത്രത്തെ കുറിച്ച് നമ്മുക്ക് പറയാം എന്നാണ് ഇതുവരെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രെയിൻ ഫൈറ്റിനു വേണ്ടി പീറ്റർ ഹെയ്‌ൻ തന്റെ ടീമിനെ ഒരുക്കുന്ന ലൊക്കേഷൻ സ്റ്റിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ ചിത്രത്തിന് വേണ്ടി ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിച്ച പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആരാധകർക്ക് ആവേശമാകുമെന്നുറപ്പാണ്. അരുൺ ഗോപി തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ നായിക പുതുമുഖമായ റേച്ചൽ ആണ്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഭിനന്ദം രാമാനുജൻ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.